ദ്രോണാചാര്യ കെ.പി തോമസ് മാഷിന്റെ പേരില്‍ നാമകരണം ചെയ്ത പച്ചടി ജില്ലാ ഇന്‍ഡോര്‍ സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ കായിക ഹബ്ബാക്കി കേരളത്തെ മറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി വി.അബ്ദു റഹിമാന്‍ പറഞ്ഞു.
കായിക മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഇന്ത്യയില്‍ ആദ്യമായി കായികനയം അവതരിപ്പിച്ച സംസ്ഥാനമാണ് കേരളം. കായിക മേഖലക്കുള്ള അടിസ്ഥാന വികസന ഫണ്ട് വര്‍ധിപ്പിക്കുമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 5000 കോടി രൂപയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കായിക വികസനത്തിന് വകയിരുത്തിയത്. സംസ്ഥാനത്ത് 10 ജില്ലാ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളാണ് ഒരുക്കുന്നത്. 14 ജില്ലകളിലും സിന്തറ്റിക് സ്റ്റേഡിയം ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 2 സിന്തറ്റിക് ട്രാക്ക് എന്നത് നിലവില്‍ 26 സിന്തറ്റിക് ട്രാക്ക് എന്ന നിലയിലേക്ക് എത്തിച്ചു. എല്ലാ പഞ്ചായത്തിലും കളിക്കളം എന്നത് രാജ്യത്താദ്യമായി നടപ്പാക്കുന്നത് കേരളമാണ്. തിരുവനന്തപുരത്ത് കായിക വകുപ്പിന് ആസ്ഥാന മന്ദിരം നിര്‍മ്മിക്കും. കായിക ഭവന്റെ കീഴില്‍ സംസ്ഥാനത്തെ കായിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സെന്ററിനെ മികച്ച സ്റ്റേഡിയമാക്കിമാറ്റുന്നതനുള്ള നടപടി പുരോഗമിക്കുകയാണ്. കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, ഫുട്‌ബോള്‍ ഫീല്‍ഡ്, ഹോഴ്‌സ് റൈഡിംഗ് സൗകര്യം എന്നിവ ഒരുക്കും. കായിക മേഖലയില്‍ പ്രവര്‍ത്തിച്ച അഭിമാനതാരങ്ങളുടെ പേരാണ് ജില്ലാ സ്റ്റേഡിയങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ഇത് സമൂഹത്തിന് പ്രോത്സാഹനമാകുമെന്നും അതിന്റെ ഭാഗമായി ജില്ലയിലെ കായിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കെ.പി തോമസ് മാഷിന്റെ പേര് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
എം.എം മണി എം.എല്‍.എ അധ്യക്ഷനായി. നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയവും, പച്ചടി ഇന്‍ഡോര്‍ സ്റ്റേഡിയവും യാഥാര്‍ഥ്യമായതോടെ ഗ്രാമീണ മേഖലയുടെ പുരോഗതിക്കൊപ്പം കായിക മേഖലയുടെ വികസനത്തിനും, നിരവധി കായിക പ്രതിഭകളെ സൃഷ്ടിക്കാനും കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു. സര്‍ക്കാരും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനും കായികക്ഷേമ രംഗത്ത് നടത്തുന്ന മികച്ച ഇടപെടലുകളെ തുടര്‍ന്നാണ് വലിയ പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദ്രോണാചാര്യ കെ.പി തോമസ് മാഷിനെ മന്ത്രി വി. അബ്ദു റഹിമാന്‍ യോഗത്തില്‍ ആദരിച്ചു. സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിന്റെയും എം.എം മണി എം.എല്‍.എയുടെയും പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാന്നെന്ന് തോമസ് മാഷ് പറഞ്ഞു. തന്റെ പേരിനും പ്രശസ്തിക്കും പുരസ്‌കാരങ്ങള്‍ക്കും പിന്നില്‍ തന്റെ കുട്ടികളും മാതാപിതാക്കളുമാണെന്നും, ഭാവി തലമുറയ്ക്ക് സ്റ്റേഡിയം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബ സമേതമാണ് തോമസ് മാഷ് പരിപാടിയില്‍ പങ്കെടുത്തത്. നിരവധി ശിഷ്യര്‍ ഗുരുവിനെ സന്ദര്‍ശിച്ച് വിശേഷങ്ങള്‍ പങ്കുവച്ചും ഫോട്ടോയെടുത്തുമാണ് മടങ്ങിയത്.
