മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തേണ്ട മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏകദിന ശില്‍പശാല നടത്തി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ചു. മഴക്കാല സമയത്ത് വ്യാപിക്കുന്ന രോഗങ്ങള്‍ക്കെതിരെ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയിലുള്ള ശുചിത്വസമിതികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഇതിനായി ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഓരോ വാര്‍ഡിലും 30000 രൂപയും മുന്‍സിപ്പാലിറ്റി തലത്തില്‍ 40000 രൂപയും തനത് ഫണ്ട് /പ്ലാന്‍ ഫണ്ട് /എന്‍.എച്ച്.എം. വിഹിതം/ സംഭാവന /സി.എസ്.ആര്‍ ഫണ്ട് എന്നിവയില്‍ നിന്നും ചെലവഴിക്കാം. ഏപ്രില്‍ 20നകം എല്ലാ വാര്‍ഡുകളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. പരിസര ശുചിത്വം ഉറപ്പാക്കുക, ജലജന്യ രോഗങ്ങള്‍ തടയുക, പൊതുവിട മാലിന്യ നിര്‍മാര്‍ജനം ശക്തിപ്പെടുത്തുക, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ആതിര തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തേണ്ട മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍
ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍, ഓടകള്‍, നീരൊഴുക്കുള്ള സ്ഥലങ്ങള്‍, പൊതുകുളങ്ങള്‍, വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങള്‍ എന്നിവ വൃത്തിയാക്കണം.
ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നുള്ള അജൈവ മാലിന്യ ശേഖരണം കൃത്യമായി നടക്കുന്നുണ്ടെന്നും അവ എം.സി.എഫ് /മിനി എം.സി.എഫ് ഇവയിലേക്ക് ശേഖരണ ദിവസം തന്നെ കൃത്യമായി നിക്ഷേപിക്കുന്നുണ്ടെന്നും ഇവിടെ നിന്നും കൊണ്ടു പോകുന്നുണ്ടെന്നും ഓരോ തദ്ദേശ സ്ഥാപനങ്ങളും ഉറപ്പാക്കണം.
എം.സി.എഫ്/ മിനി എം.സി.എഫുകള്‍ എന്നിവ വെള്ളം കയറാനിടയുള്ള സ്ഥലത്താണെങ്കില്‍ മാറ്റി സ്ഥാപിക്കുകയും വേണം.
കൊതുക്, എലി എന്നിവയുടെ പ്രജനന സ്രോതസ് കണ്ടെത്തി നശിപ്പിക്കുക
ഹരിത കര്‍മസേനാംഗങ്ങളുടെ യോഗം വിളിക്കുകയും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക
പൊതുജനങ്ങള്‍ക്ക് ജലജന്യ-പ്രാണിജന്യ രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുക
കൃഷിഭവനുകള്‍, മൃഗാശുപത്രികള്‍ എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് മൃഗങ്ങളില്‍ നിന്നുള്ള പകര്‍ച്ച വ്യാധികള്‍ സംബന്ധിച്ച ബോധവത്ക്കരണം നല്‍കുക
പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാനിടയുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍, അതിഥിതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവ ശുചീകരിക്കണം
മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ഉത്സവങ്ങള്‍, തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുണ്ടാകുന്ന മാലിന്യങ്ങള്‍ എന്നിവ കൃത്യമായി സംസ്‌കരിക്കണം
വാര്‍ഡ് തല ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപന സെക്രട്ടറി ആഴ്ചയിലൊരിക്കലും എല്‍.എസ്.ജി.ഡി.ഡെപ്യൂട്ടി ഡയറക്ടര്‍ രണ്ടാഴ്ചയിലൊരിക്കലും അവലോകനം നടത്തും. മഴക്കാല പകര്‍ച്ച വ്യാധികളായ ഡെങ്കിപനി, എലിപ്പനി, മഞ്ഞപ്പിത്തം, മസ്തിഷ്‌ക ജ്വരം, മലേറിയ തുടങ്ങിയവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സി.ഷുബിന്‍ വിശദീകരിച്ചു. കുട്ടികളിലെ ഷെഡ്യൂള്‍ഡ് വാക്‌സിനേഷന്‍, ഗാര്‍ഹിക പ്രസവം, ജെ.ഇ., എച്ച്. പി വാക്‌സിന്‍ ക്യാംപയിനുകളുടെ പുരോഗമനം എന്നിവ ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.എന്‍.എന്‍.പമീലി വിശദീകരിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗമായ ഇ.എന്‍.മോഹന്‍ദാസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം തുടങ്ങിയത്. ഡി.എം.ഒ. ഇന്‍ ചാര്‍ജ് ഡോ.എ.ഷിബുലാല്‍ സ്വാഗതം പറഞ്ഞു. തദ്ദേശ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ വി.കെ.മുരളി, എന്‍.എച്ച്.എം.ഡി.പി.എം. ഡോ.ടി.എന്‍.അനൂപ്, എല്‍.എസ്.ജി.ഡി.അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എ.അബ്ദുല്‍ ഗഫൂര്‍, വിവിധ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
