പാലക്കാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ ഡ്രില്‍ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളില്‍ ദ്രുതഗതിയില്‍ സ്വീകരിക്കേണ്ട രക്ഷാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അവബോധം നല്‍കുന്നതിന് വേണ്ടിയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക് ഡ്രില്‍ നടത്തിയത്. റോപ്പ് വേയിലെ യന്ത്രം തകരാറിലായി വിനോദസഞ്ചാരികള്‍ കുടുങ്ങുകയും തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനവുമാണ് മോക് ഡ്രില്ലിലൂടെ ആവിഷ്‌ക്കരിച്ചത്.
അപകടം സംഭവിച്ച ഉടന്‍ അധികൃതര്‍ പാലക്കാട് അഗ്‌നിരക്ഷാ സേനയിലും ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലും ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ക്കും പൊലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയവര്‍ക്കും വിവരം കൈമാറി. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന വിനോദസഞ്ചാരികളെ താഴെയിറക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്ന സാഹചര്യത്തില്‍ എന്‍.ഡി.ആര്‍.എഫിനെ വിവരമറിയിക്കുകയും അവര്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന രൂപത്തിലാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി കളക്ടറേറ്റില്‍ ഇന്‍സിഡന്റ് കമാന്‍ഡ് പോസ്റ്റും സജ്ജീകരിച്ചിരുന്നു.
എ.ഡി.എം സുനില്‍ കുമാര്‍, താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍ ജെറിന്‍ ജോണ്‍സണ്‍, താലൂക്ക് ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാന്‍ഡര്‍ പി സുരേഷ് ബാബു, ഡെപ്യൂട്ടി ഡി.എം.ഒ അഹമ്മദ് അഫ്‌സല്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ വി ശശിധരന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ആര്‍ സന്തോഷ്, ജെ സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ഇ ജയകൃഷ്ണന്‍, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് ലേഖ ചാക്കോ, ദുരന്ത നിവാരണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ആഷ മേനോന്‍, സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
