കേരളത്തിലെ കര്‍ഷക സമൂഹം അനുദിനം നേരിടുന്ന വെല്ലുവിളികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി എറണാകുളം പാര്‍ക്ക് സെന്‍ട്രലില്‍ അഗ്രി നെക്സ്റ്റ് സ്റ്റാര്‍ട്ടപ്പ് പ്രശ്ന നിര്‍ണയ ശില്‍പ്പശാല സംഘടിപ്പിച്ചു. ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായാണ് ശില്‍പ്പശാല ഒരുക്കിയത്. കര്‍ഷകര്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെ പ്രതിനിധികള്‍, ഗവേഷകര്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പ് ഉടമകള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശയങ്ങള്‍ പങ്കുവച്ചു.
കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ്, അവ ഏകീകൃത ഡിജിറ്റല്‍ ശേഖരത്തില്‍ ക്രോഡീകരിച്ച്, ലഭ്യമായ സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെ സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു ശില്‍പ്പശാലയുടെ ലക്ഷ്യം. സംരംഭകര്‍ക്കും ഗവേഷകര്‍ക്കും പുതിയ ഉല്‍പ്പന്നങ്ങളും സാങ്കേതിക സംവിധാനങ്ങളും രൂപകല്‍പ്പന ചെയ്യാന്‍ ഭാവിയില്‍ ആധികാരിക അടിസ്ഥാന വിവരശേഖരമായി ഈ ഡാറ്റാബേസ് മാറും. കേര പദ്ധതിയിലെ അഗ്രി ടെക്ക് സ്റ്റാര്‍ട്ടപ്പ് വിഭാഗത്തിന് കീഴിലാണ് ഇത് സജ്ജമാക്കുന്നത്.
വന്യജീവി ആക്രമണം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണവും വിപണനവും, വിളകളുടെ സംസ്കരണവും മൂല്യവര്‍ദ്ധനവും, ഏലം, കാപ്പി, കുരുമുളക്, റബ്ബര്‍, പൈന്‍ ആപ്പിള്‍, ജാതി ഫലവര്‍ഗങ്ങള്‍ തുടങ്ങിയ കൃഷികളിലെ വെല്ലുവിളികള്‍, തൊഴിലാളി ക്ഷാമം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, കീടരോഗ നിര്‍ണ്ണയം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അനുയോജ്യമായ നൂതന ആശയങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമര്‍പ്പിക്കാം. മികച്ച ആശയങ്ങള്‍ക്ക് കേര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് വഴി ഫണ്ടിംഗ് ഉറപ്പുവരുത്തും. സംസ്ഥാനത്തു ഇത്തരത്തില്‍ നടത്തുന്ന ആറാമത്തെ ശില്‍പ്പശാലയാണിത്.
കേര കോട്ടയം ഡെപ്യൂട്ടി റീജ്യണല്‍ പ്രൊജക്റ്റ് ഡയറക്ടര്‍ സിന്ധു കെ. മാത്യു അധ്യക്ഷത വഹിച്ചു. കേര സംസ്ഥാന എസ്.പി.എം.യു. പ്രൊക്യൂര്‍മെന്റ് ഓഫീസര്‍ സുരേഷ് സി തമ്പി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. കേര എസ്.പി.എം.യു., കേരള സ്റ്റാര്‍ട്ടപ്പ് മിഷന് പ്രോഗ്രാം ഹെഡ് അശോക് കുര്യന് പഞ്ഞിക്കാരന്‍, കൃഷി വകുപ്പ് എ.ഡി.എ. (മാര്‍ക്കറ്റിങ്) ലിനറ്റ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. കേര കൃഷി ഓഫീസര്‍ (പ്ലാന്റേഷന് & എം.എസ്.എം.ഇ) പി. എം. വിഷ്ണു നാരായണന് സ്വാഗതവും കേര പ്രോജക്ട് ടെക്നിക്കല്‍ സ്പെഷ്യലിസ്റ് ശ്രീബാല അജിത്ത് നന്ദിയും പറഞ്ഞു.
