പൊതുവിപണിയില്‍ പരിശോധന നടത്തി

തിരൂരങ്ങാടി താലൂക്കില്‍ ഹോട്ടലുകള്‍, പലചരക്ക് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ കര്‍ശനമായ മുന്നറിയിപ്പ് നല്‍കി. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നിയമ നടപടികള്‍ സ്വീകരിക്കും. വരും ദിവസങ്ങളിലും താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരും. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.പ്രമോദ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എം. സഞ്ജു, നോബി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

⭕സാമൂഹിക ആഘാത പഠനം: പുതിയ ഏജന്‍സികളെ തിരഞ്ഞെടുക്കുന്നു

ജില്ലയില്‍ 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തുന്നതിനും റിപ്പോര്‍ട്ടും പരിഹാര പദ്ധതികളും തയ്യാറാക്കുന്നതിനുമായി ജില്ലാ തലത്തില്‍ പുതിയ ഏജന്‍സികളെ എംപാനല്‍ ചെയ്യാന്‍ അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയില്‍ അവഗാഹവും സാങ്കേതിക അറിവുമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം – 676505 വിലാസത്തില്‍ മെയ് 30 വരെ അപേക്ഷിക്കാം. ഫോണ്‍ 0483-2739581

⭕ഏറനാട് താലൂക്കിലെ സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നെസ് പരിശോധന മെയ് 23ന്

ഏറനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്‌ക്കൂള്‍ ബസുകളുടെ അവസാനഘട്ട ക്ഷമത പരിശോധന മെയ് 23ന് കാവുങ്ങല്‍ ബൈപാസ് റോഡില്‍ രാവിലെ ഏഴിന് നടക്കും. ഇതുവരെ പരിശോധനക്ക് ഹാജരാക്കിയിട്ടില്ലാത്ത സ്‌കൂള്‍ ബസുകള്‍ പരിശോധനക്ക് നിര്‍ബന്ധമായും ഹാജരാകണം. ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റെന്‍ഡര്‍മാര്‍ക്കും അന്നേ ദിവസം റോഡ് സുരക്ഷാ പരിശീലനം ഉണ്ടായിരിക്കും. ജീവനക്കാര്‍ പരിശീലന ക്ലാസ്സില്‍ പങ്കെടുക്കുന്നുണ്ടെന്ന് എല്ലാ സ്‌കൂള്‍ അധികൃതരും ഉറപ്പുവരുത്തണമെന്ന് മലപ്പുറം ആര്‍.ടി.ഒ. അറിയിച്ചു.

⭕ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ.ഐ.ടി.ഐ.യില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി/ പ്ലസ്ടു /ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 9526415698, 8086415698.