മകരവിളക്ക് ഉത്സവകാലത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ മുന്‍കരുതല്‍ നടപടികളും പ്രവര്‍ത്തന ഏകോപനവും ശക്തമാക്കണമെന്ന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലപൂജ അവലോകനം നടത്താനും മകരവിളക്ക് ഉത്സവത്തിന് വേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനും സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസില്‍ കൂടിയ ഉദ്യോഗസ്ഥതല യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
അവിചാരിതമായ സംഭവങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ജാഗ്രതയോടെ ഉദ്യോഗസ്ഥര്‍ സന്നദ്ധതരായിരിക്കണം. നിലയ്ക്കലില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ വിപുലമാക്കാന്‍ നടപടി ത്വരിതപ്പെടുത്തും. മകരവിളക്ക് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ വനത്തിനുള്ളില്‍ തമ്പിടിക്കുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും മാന്യമായ ഇടപ്പെടല്‍ ഉണ്ടാവണം. പമ്പയിലും സന്നിധാനത്തും കടകളില്‍ അഗ്നിസുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ബോധവത്ക്കരണം നടത്താനും മന്ത്രി നിര്‍ദേശിച്ചു.
ഹൃദ്‌രോഗികളില്‍ തിടുക്കത്തില്‍ മലകയറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആരോഗ്യപ്രശ്‌നമുള്ള ഭക്തര്‍ വിശ്രമിച്ച് മലകയറണമെന്ന സന്ദേശം നല്‍കാന്‍ സംവിധാനമൊരുക്കും. മലകയറി വരുന്ന വഴിയില്‍ കുടിവെള്ള ടാപ്പുകളുടെ ദൂരം കുറയ്ക്കും. വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ടാപ്പുകള്‍ വഴിയരികിലേക്ക് മാറ്റി സ്ഥാപിക്കും. നിലയ്ക്കലില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്ന സംവിധാനം വേഗത്തിലാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പമ്പയില്‍ വെള്ളം കെട്ടിനിന്ന് മലിനമാകുന്ന സാഹചര്യം ഒഴിവാക്കാനും ജലലഭ്യത ഉറപ്പാക്കാനും നടപടിവേണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ന്യൂനതകള്‍ കൂട്ടായ്മയിലൂടെ പരിഹരിക്കണമെന്നു നിര്‍ദേശിച്ച മന്ത്രി പമ്പയിലെ ചില പോരായ്മകള്‍ ഒഴിച്ചാല്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയതായും എടുത്തുപറഞ്ഞു.