കൊച്ചി: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമിൽ ഓർമകൾ പുതുക്കി മുൻ ജീവനക്കാരുടേയും കുട്ടികളുടേയും പുന:സംഗമം നടത്തി. ‘ഓർമ 2018’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തൃക്കാക്കര എംഎൽഎ പി.ടി തോമസ് ഉദ്ഘാടനം ചെയ്തു. ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ച ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഡിഫ്ന ഡിക്രൂസിനെ അദ്ദേഹം അഭിനന്ദിച്ചു. ബാലാവകാശ സംരക്ഷണം എന്നത് ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യമായ ഘടകമാണെന്ന് എംഎൽഎ പറഞ്ഞു. യു.എൻ പോലുള്ള സംഘടനകളോ മറ്റ് രാജ്യങ്ങളോ അനുവർത്തിക്കുന്നതിനേക്കാൾ മുൻപന്തിയിൽ കേരളത്തിൽ കുട്ടികളുടേയും വനിതകളുടേയും അവകാശങ്ങൾക്ക് വേണ്ടിയുള്ള നിയമ നിർമ്മാണം നടത്താൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള മുഖ്യാതിഥിയായി എത്തി.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന, ചിൽഡ്രൻസ് ഹോമിൽ മുൻപ് താമസിച്ചിരുന്നവർ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളോടും ഒപ്പമാണ് എത്തിയത്. പരിചയം പുതുക്കലും ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കലുമായി അവർ ഒത്തുകൂടി. ആലുവ ബി.ഇ.ടി സൈക്കോ തെറാപ്പി ഫൗണ്ടേഷനിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. പി.എ ജോസ് മോട്ടിവേഷൻ ക്ലാസ് നടത്തി. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, പെയിന്റിംഗുകൾ എന്നിവയുടെ പ്രദർശനവും നടന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഹോമിൽ ഉച്ചഭക്ഷണവും അത്താഴ വിരുന്നും ഉണ്ടായിരുന്നു.
സമാപന സമ്മേളനത്തിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഡോ. എം.പി ആന്റണി മുഖ്യ പ്രഭാഷണം നടത്തി. തൃക്കാക്കര നഗരസഭ അധ്യക്ഷ ഷീല ചാരു വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിച്ചു. വാർഡ് കൗൺസിലർ എം.എം നാസർ, ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് രഞ്ജിത് കൃഷ്ണൻ എൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ പത്മജ നായർ, പി.സി.എസ്.ജെ വൈസ് പ്രസിഡന്റ് പ്രൊഫ. പൗളിൻ റോസ് മത്തായി, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ സൈന കെ.ബി എന്നിവർ പങ്കെടുത്തു.