കുട്ടികളെ നിയമവിധേയമല്ലാതെ ദത്തെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. അനധികൃതമായി ദത്തെടുക്കുന്നത് ബാലനീതി നിയമപ്രകാരം മൂന്ന് വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരത്തില്‍ നിയമവിധേയമല്ലാതെ കുട്ടികളെ ദത്തെടുക്കുന്ന വിവരം അറിയുന്നവര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ അറിയിക്കണം.
നിയമവിധേയമല്ലാതെ കുട്ടികളെ ദത്തെടുക്കാന്‍ ശ്രമിച്ച അടൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി, പന്തളം സ്വദേശി അമീര്ഖാന് എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ നിര്‍ദേശം പുറപ്പെടുവിച്ചത്. പരാതിയുമായി കുഞ്ഞിന്റെ അമ്മ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയും കുഞ്ഞും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെയെത്തിയതിനെ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുവതിയേയും കുഞ്ഞിനെയും ഗവണ്മെന്റ് മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
