പെരുമ്പാവൂർ: പുതുതലമുറയിൽ പരമ്പരാഗത കലാ രീതിയിൽ ആഭിമുഖ്യം വളർത്തുന്നതിനായുള്ള വജ്ര ജൂബിലി ഫെല്ലോഷിപ്പിന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. സാംസ്കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. നാടിന്റെ സാംസ്കാരിക ഉന്നതി നിലനിർത്താനും ,പുതു തലമുറയ്ക്ക് കലാഭിമുഖ്യം വളർത്താനും ,യോഗ്യരായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്ലാസിക്കൽ, സമകാലീന , നാടോടി കലാരൂപങ്ങളിൽ പുതുതലമുറയിൽ ആഭിമുഖ്യമുണർത്തുക വഴി കലാ സാംസ്കാരിക സമ്പന്നത നിലനിർത്തി സാമൂഹ്യ സാംസ്കാരിക ഐക്യം ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ബ്ലോക്കിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ശനി ,ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും 3 കലാവിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം സൗജന്യമായി നൽകും. 5 മുതൽ 9 ക്ലാസ് വരെയും പ്ലസ് വൺ ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയും. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ ബാച്ചിന്റെ ഉത്ഘാടനം പ്രമുഖ മുടിയേറ്റ് കലാകാരൻ കീഴില്ലം ഉണ്ണികൃഷ്ണമാരാർ നിർവഹിച്ചു. പ്രസിഡന്റ് മിനി ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. വർഗീസ്, സിസിലി ഇയോ ബ്, പോൾ ഉതുപ്പ്, എം.പി. പ്രകാശ്, കെ.സി. മനോജ്, സരള കൃഷ്ണൻകുട്ടി, പ്രീത സുകു, ഗായത്രി വിനോദ്, ഡോ.കവിത, അരുൺ, ബി.ഡി.ഒ. കെ. ഒ തോമസ് എന്നിവർ പ്രസംഗിച്ചു. ക്ലാസിക്കൽ ,ലളിതകല ,അഭിനയകല ,ഫോക് ലോർ എന്നീ വിഭാഗങ്ങളിലാണ് പരിശീലനം ആരംഭിച്ചത്.