ആലപ്പുഴ: വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതിയിലൂടെ തെങ്ങു കയറ്റ പരിശീലനം ലഭിച്ച വനിതകള്‍ക്കുള്ള തെങ്ങു കയറ്റ യന്ത്രങ്ങള്‍ വിതരണം ചെയ്തു. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറു പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 47 ബയോ ആര്‍മി അംഗങ്ങളായ വനിതകള്‍ക്കാണ് കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ പരിശീലനം നല്‍കിയത്. ഓരോ പഞ്ചായത്തില്‍ നിന്നും പരിശീലനം പൂര്‍ത്തീകരിച്ച വനിതകളെ ഉള്‍പ്പെടുത്തി അഞ്ചു എണ്ണത്തില്‍ കുറയാത്ത തെങ്ങു കയറ്റ യന്ത്രങ്ങളാണ് സൗജന്യമായി നല്‍കിയത്.
സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണ് ഈ സംരഭം. കുട്ടനാടന്‍ വനിതകള്ക്കൊരും കൈത്താങ്ങും വരുമാനവും ഇതിലൂടെ സാധ്യമായി. വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജു യന്ത്രങ്ങളുടെ വിതരണോത്ഘാടനം നിര്‍വഹിച്ചു. രാമങ്കരി ലേബര്‍ ബാങ്ക് പ്രസിഡന്റ് ഗീത മനോഹരനാണ് യന്ത്രം ഏറ്റു വാങ്ങിയത്. ബയോ ആര്‍മി അംഗമായ അജിത കുമാരി പഞ്ചായത്തിലെ തെങ്ങില്‍ കയറി തേങ്ങ ഇട്ടുകൊണ്ട് തെങ്ങുകയറ്റത്തിന് തുടക്കം കുറിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആന്‍സമ്മ മാത്യു, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബോബന് തയ്യില്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രമാദേവി, പഞ്ചായത്ത് സെക്രട്ടറി ബി. രാധാകൃഷ്ണ പിള്ള, ജനപ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.
