ആയുര്‍വേദവും യോഗയും പ്രകൃതിചികിത്സയും ഉള്‍പ്പെടുന്ന പ്രാചീന ചികിത്സാ പാരമ്പര്യത്തെ കൂടുതല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കി ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക് പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള കേന്ദ്ര-യോഗ-പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേരളത്തിലെ ആയുര്‍വേദവും അഷ്ടവൈദ്യ ചികിത്സ പാരമ്പര്യവും സിദ്ധമര്‍മ ചികിത്സയുമെല്ലാം അമൂല്യമാണ്.ഈ ചികിത്സാ ശാസ്ത്രങ്ങളെ കൂടുതല്‍ ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ മെച്ചപ്പെടുത്താനാകും. യോഗ ശാസ്ത്രമാണ്. ആയുര്‍വേദത്തിന് വേദകാലത്തോളം പഴക്കമുണ്ട്. വര്‍ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളെ നേരിടുന്നതിന് ഈ ചികിത്സാ മാര്‍ഗങ്ങള്‍ ഫലപ്രദമാണ്. കെട്ടിടം നിര്‍മിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പി ജി കോഴ്സുകള്‍ പരിഗണിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. 100 കിടക്കകളോടുകൂടിയ ആശുപത്രി സമുച്ചയം ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും.ആരോഗ്യമേഖലയില്‍ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെ കേന്ദ്രമന്ത്രി പ്രശംസിച്ചു. കേരളത്തിലെ കളരി പയറ്റ് ലോകത്തിലെ ആദ്യത്തെ അയോധനകലകളില്‍ ഒന്നാണ്. ആയുര്‍വേദ ചികിത്സ, ടൂറിസം രംഗത്ത് വളരെ പ്രാധാന്യം നേടിയിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സംയുക്ത സംരംഭങ്ങളായി പതിനഞ്ച് ടൂറിസം കേന്ദ്രങ്ങളില്‍ യോഗ ആരംഭിക്കുന്നതാണ.് രാജ്യത്ത് ആരംഭിക്കുന്ന യോഗാ ഗ്രാമങ്ങളില്‍ കേരളത്തിലെ ഗ്രാമങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യങ്ങളോട് എന്നും അനുഭാവപൂര്‍ണമായ നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ആറ് ബഡ്സ് സ്കൂളുകള്‍ ഉടന്‍ ഉദ്ഘാടനം ചെയ്യും. മുളിയാറിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. 68 കോടിയുടെ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചു. ആരോഗ്യമേഖലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യ ജാഗ്രത ക്യാമ്പയിന് തിങ്കളാഴ്ച ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
യോഗ – പ്രക്യതി ചികിത്സാ ഗവേഷണ കേന്ദ്രം വടക്കന്‍ കേരളത്തിന് മാത്രമല്ല, കേരളത്തിന് ഒന്നാകെ പ്രയോജനപ്പെടുന്ന പദ്ധതിയാണെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പാണ് ഈ പ്രോപ്പെസെല് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചത്. റവന്യൂ വകുപ്പാണ് പദ്ധതിക്ക് വേണ്ട സ്ഥലം പാട്ടതിന് ലഭ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.