ബാലാവകാശങ്ങളും സാമൂഹ്യനീതിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് എഡിഎം അനു എസ്.നായര്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ സാമൂഹ്യ നീതിയും കുട്ടികളുടെ അവകാശ സംരക്ഷണവും എന്ന വിഷയത്തില്‍ നടന്ന ശില്പശാലയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതി ഉറപ്പുവരുത്തിയാല്‍ മാത്രമേ ബാലാവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിയൂ. ബാലാവകാശ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടിയില്‍ ഇന്‍ഡ്യ ഒപ്പുവച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് രൂപപ്പെട്ടത്. ഒരു കുട്ടിയും ജനിക്കുന്നത് നിയമലംഘകനായിട്ടില്ല. സാഹചര്യങ്ങളാണ് കുട്ടികളെ നിയമവുമായി പൊരുത്തപ്പെടാത്തവരായി മാറ്റുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഏറെ നാളായെങ്കിലും ഇന്നും സാമൂഹ്യനീതി പൂര്‍ണമായും ഉറപ്പുവരുത്തുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ആദിവാസി വിഭാഗങ്ങളും പട്ടികവര്‍ഗ വിഭാഗങ്ങളും മത്സ്യതൊഴിലാളികളും ഇന്നും പാര്ശ്വവല്കൃത സമൂഹമായി തുടരുന്നു. ഇത്തരം വിഭാഗങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ചേക്കേറിയ ഒരു വിഭാഗത്തിന്റെ സാമൂഹികാവസ്ഥയില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗത്തിലുള്ള ഭൂരിപക്ഷം ആളുകള്‍ക്കും ഇപ്പോഴും പൂര്‍ണമായി സാമൂഹ്യനീതി ലഭിച്ചിട്ടില്ല. 1950 കളില്‍ പൊതുസമൂഹവും ആദിവാസി വിഭാഗങ്ങളും തമ്മിലുള്ള അന്തരം നേര്‍ത്തതായിരുന്നു. എന്നാല്‍ ഇന്ന് ഇത് വളരെ കൂടിയിട്ടുണ്ട്. സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ കഴിയാത്തതിന്റെ തിക്ത ഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളുമാണ്. കുട്ടികളുടെ പരിരക്ഷണത്തിനായി നിരവധി നിയമങ്ങള്‍ നിലവിലുണ്ട്. ശ്രദ്ധയും പരിരക്ഷണവും ആവശ്യമായ കുട്ടികള്‍ക്ക് അത് നല്‍കുന്നതിനും നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന കുട്ടികളെ നേര്‍വഴിയിലേക്ക് നയിക്കുന്നതിനുമുള്ള നിയമങ്ങളാണ് നിലവിലുള്ളത്. എന്നാല്‍ ഇവയൊക്കെ ഉദ്ദേശിച്ച ഫലം നല്കുന്നുണ്ടോ എന്നത് സ്വയംവിമര്‍ശനപരമായി പരിശോധിക്കണം. 12 ലക്ഷത്തില്‍ അധികം വരുന്ന പത്തനംതിട്ടയിലെ ജനസംഖ്യയില്‍ 10000ല്‍ താഴെയാണ് ആദിവാസികള്‍. ഗവി, മൂഴിയാര്‍, അട്ടത്തോട് തുടങ്ങിയ മേഖലകളിലെ ആദിവാസി കുട്ടികള്‍ ഏറെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ജില്ലാ ഭരണകൂടവും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും വിവിധ സന്നദ്ധ സംഘടനകളും നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കിവരുന്നുണ്ട്. അട്ടത്തോട് മേഖലയില്‍ ഇക്കാര്യങ്ങളില്‍ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാല്‍ മൂഴിയാര്‍ ഭാഗത്തെ ആദിവാസി വിഭാഗങ്ങളില്‍ മിക്കവരും സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്തവരായതിനാല്‍ കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുന്നതിന് കഴിയുന്നില്ല. മൂഴിയാറിലെ കുട്ടികള്‍ക്ക് അവധിക്കാലത്ത് ഭക്ഷണം ഉറപ്പുവരുത്തുന്നതിന് സ്പോണ്സര്ഷിപ്പില് തുടങ്ങിയ സുഭക്ഷിത ബാല്യം സുന്ദരബാല്യം എന്ന പദ്ധതി ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഫണ്ട് നല്‍കുന്നുണ്ട്. ഇവിടുത്തെ ആളുകളുടെ ജീവിത രീതി മാറ്റുന്നതിന് നിരവധി ബോധവത്ക്കരണ പരിപാടികളും നടത്തിവരുന്നു.
ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് അധ്യാപകര്‍ കുട്ടികളെ നേര്‍വഴിയിലേക്ക് നയിക്കുന്നതിന് ഉപയോഗിക്കുന്ന രീതികള്‍. മുന്‍കാലങ്ങളില്‍ സദുദ്ദേശത്തോടെ കുട്ടികളുടെ നډ ലക്ഷ്യമാക്കി അധ്യാപകര്‍ നല്കുന്ന ശിക്ഷണ നടപടികള്‍ രക്ഷകര്‍ത്താക്കളും പൊതുസമൂഹവും അംഗീകരിച്ചിരുന്നു. കുട്ടികളുടെ ഉത്തമ താത്പര്യത്തിലാണ് അധ്യാപകര്‍ ഇങ്ങനെ ചെയ്യുന്നതെന്ന വിശ്വാസം രക്ഷിതാക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഈ അവസ്ഥയ്ക്ക് വലിയ മാറ്റം വന്നു. പുതുതലമുറ രക്ഷിതാക്കള്‍ കുട്ടികളെ അമിതമായി ലാളിക്കുന്നു. ഇതുമൂലം അധ്യാപകര്‍ക്ക് ചെറിയ ശിക്ഷ പോലും കുട്ടികള്‍ക്ക് നല്കുവാന് കഴിയാതെയായി. വിമര്‍ശനങ്ങള്‍ കേള്‍ക്കാതെ ശിക്ഷണ നടപടികള്‍ നേരിടാതെ വളര്‍ന്നുവരുന്ന തലമുറ ചെറിയ പ്രശ്നങ്ങളില്‍പോലും ആത്മഹത്യയിലേക്ക് പോകുന്നു. നിയമത്തെ പേടിച്ച് കുട്ടികളെ നേര്‍വഴിയിലേക്ക് നയിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധ്യാപകര്‍ വിമുഖത കാട്ടുന്നു. ഇത് വളരുന്ന തലമുറയെ നിയമലംഘകരായി മാറ്റുന്ന ഒരു സാഹചര്യമുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ മാനിക്കാതെ ക്രൂരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ സദുദ്ദേശത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന അധ്യാപകര്‍ പലപ്പോഴും ബലിയാടാക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ സെന്‍സേഷന്റെ പിന്നാലെ പോകാതെ വസ്തുതാപരമായി ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സമീപനം സ്വീകരിക്കണം. അധ്യാപകരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ നമ്മുടെ സമൂഹത്തിനും ഭാവിതലമുറയ്ക്കും ഗുണകരമാവില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകണമെന്നും എഡിഎം പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെറിയ ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കാണ് കൂടുതല്‍ ശമ്പളം നല്‍കുന്നത്. അതുകൊണ്ടുതന്നെ പ്രതിഭകളായിട്ടുള്ളവര്‍ ഇതിനായി കടന്നുവരുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ സ്ഥിതി വ്യത്യസ്തമാണ്. മറ്റ് ജോലികള്‍ ലഭിക്കാതെ അക്കാദമികമായി പിന്നാക്കം നില്‍ക്കുന്നവരാണ് പലപ്പോഴും ചെറിയ ക്ലാസിലെ കുട്ടികളുടെ അധ്യാപകരായി വരുന്നത്.വിദ്യാഭ്യാസത്തിന് ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം പ്രൈമറി ക്ലാസുകളിലേതാണ്. ഈ സമയത്ത് ലഭിക്കുന്ന അറിവുകളുടെയും മൂല്യങ്ങളുടെയും വികാസമാണ് പിന്നീടുണ്ടാകുന്നത്. പ്രൈമറി ക്ലാസുകളിലെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും എഡിഎം പറഞ്ഞു.
കേരള കൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തില്‍ മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, പ്രസ് ക്ലബ്ബ് ട്രഷറര്‍ എസ്.ഷാജഹാന്, കേരള കൗമുദി ബ്യൂറോ ചീഫ് ബിജുമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്കൂളുകളില്‍ അച്ചടക്കം കുറയുന്നു
ജില്ലയിലെ സ്കൂളുകളില്‍ അച്ചടക്കം കുറയുന്നതായി പ്രസ് ക്ലബ്ബില്‍ നടന്ന ശില്പശാലയില് വിലയിരുത്തല്‍. ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ നടന്ന ശില്പശാലയിലാണ് ഈ നിരീക്ഷണമുണ്ടായത്. പല സ്കൂളുകളിലും അധ്യാപകര്‍ കുട്ടികളുടെ അച്ചടക്കരാഹിത്യങ്ങളില് ഇടപെടാന്‍ തയ്യാറാകുന്നില്ല. ഇതിന്റെ പ്രധാന കാരണം ബാലാവകാശ സംരക്ഷണ നിയമങ്ങളുടെ പേരില്‍ പലപ്പോഴും അധ്യാപകര്‍ നേരിടേണ്ടിവരുന്ന പീഡനങ്ങളാണ്. ഇളംതലമുറയ്ക്ക് വഴികാട്ടികളാകേണ്ടവരാണ് അധ്യാപകര്‍. ഇവരില്‍ ഭൂരിഭാഗവും ഈ കടമ നന്നായി നിര്‍വഹിക്കുന്നവരുമാണ്. വിരലിലെണ്ണാവുന്ന പെരുമാറ്റ വൈകല്യങ്ങളുള്ള ചില അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ അധ്യാപക സമൂഹത്തെ മൊത്തം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു സാഹചര്യമുണ്ടായി. ഈ സാഹചര്യത്തില്‍ പഠനം ഒഴിച്ച് കുട്ടികളുടെ മറ്റ് കാര്യങ്ങളിലൊന്നും തന്നെ ഇടപെടാന്‍ അധ്യാപകര്‍ തയ്യാറാകുന്നില്ല. പുതുതലമുറ രക്ഷിതാക്കളുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. രക്ഷിതാക്കളും അധ്യാപകരും കൂട്ടായി ശ്രമിച്ചാല്‍ മാത്രമേ കുട്ടികളെ നല്ലവരായി വളര്‍ത്തിയെടുക്കാന്‍ കഴിയൂ. ചെറിയ ശിക്ഷ നല്‍കിയെന്നതിന്റെ പേരില്‍ അധ്യാപകര്‍ക്കെതിരെ വാളോങ്ങുന്നവര്‍ സ്വന്തം കുട്ടികളുടെ ഭാവി തന്നെയാണ് നശിപ്പിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല. കേരളത്തില്‍ ഒരു വര്‍ഷം 80000ല്‍ അധികം ആളുകളാണ് ആത്മഹത്യക്ക് ശ്രമിക്കുന്നത്. ഇതില്‍ 10 ശതമാനത്തോളം പേര് മരണപ്പെടുന്നുണ്ട്. ഇതില്‍ കുട്ടികളും ഉള്‍പ്പെടുന്നു. മിക്ക കുട്ടികളും ആത്മഹത്യ ചെയ്യുന്നത് നിസാര കാര്യങ്ങള്‍ക്കാണ്. വിമര്‍ശനങ്ങളോ ശിക്ഷണ നടപടികളോ ഏല്ക്കാതെ വളരുന്ന ഇളംതലമുറ ചെറിയ പ്രശ്നങ്ങളില്‍പ്പോലും ആത്മഹത്യയിലേക്ക് പോകുന്ന അവസ്ഥയുണ്ട്. മുമ്പ് അധ്യാപകര്‍ വരുന്നു എന്നുപറഞ്ഞാല്‍ കുട്ടികള്‍ ഭയപ്പെട്ട് നിശബ്ദരായി ക്ലാസിലിരിക്കുമായിരുന്നു. ഇന്ന് കുട്ടികള്‍ വരുന്നു എന്നുകേട്ടാല്‍ അധ്യാപകര്‍ ഭയപ്പെടുന്ന ഒരു അവസ്ഥയായി മാറിയിട്ടുണ്ട്. ഇത് നമ്മുടെ സമൂഹത്തെ എവിടെക്കൊണ്ടെത്തിക്കും എന്നത് ചിന്തിക്കേണ്ട വിഷയമാണ്. പലപ്പോഴും യാഥാര്‍ഥ്യം മനസ്സിലാക്കാതെ രക്ഷിതാക്കളും പൊതു സമൂഹവും അധ്യാപകര്‍ക്കെതിരെ വാളോങ്ങാറുണ്ട്.
16 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ശല്യം സഹിക്കാനാകാതെ 26കാരനായ ഒരു യുവാവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അഭയം തേടിയ സാഹചര്യമുണ്ടായി. മറ്റൊരു കേസില്‍ 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വീട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കാരണം അമ്മ അനാഥാലയത്തിലാക്കി. ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഈ കുട്ടിയെ അവിടെ സംരക്ഷിക്കാന്‍ കഴിയാതെ വന്നതോടെ അച്ഛനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അമ്മയെ ബന്ധപ്പെട്ടെങ്കിലും അവരും കുട്ടിയെ തിരികെ കൊണ്ടുപോകാന്‍ തയാറായില്ല. ഈ കുട്ടിയെ സര്‍ക്കാര്‍ മഹിളാമന്ദിരത്തില്‍ സംരക്ഷണത്തിനായി കൈമാറേണ്ട അവസ്ഥയുണ്ടായി.ഇത്തരത്തില്‍ പ്രശ്നങ്ങളുള്ള നിരവധി പെണ്‍കുട്ടികള്‍ വരെയുണ്ട്. സംസ്ഥാനത്തെ ആണ്‍കുട്ടികളില്‍ 52 ശതമാനവും പെണ്‍കുട്ടികളില്‍ 48 ശതമാനവും 18 വയസിന് മുമ്പ് ചെറുതോ വലുതോ ആയ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നത് ഒരിക്കലും പുറത്ത് വരാറില്ല. പെണ്‍കുട്ടികളുടെ കേസില്‍ ചെറിയൊരു ശതമാനം കേസുകളില്‍ സംഭവം പുറത്തുവന്ന് പ്രതികള്‍ ശിക്ഷിക്കപ്പെടാറുണ്ടെന്നും സെമിനാര്‍ വിലയിരുത്തി.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ജോണ്‍ ജേക്കബ് വിഷയാവതരണം നടത്തി. ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എബ്രഹാം തടിയൂര്‍ മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബി എബ്രഹാം, സെക്രട്ടറി ബിജു കുര്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
ബാല ഗ്രാമസഭകള്‍ കാര്യക്ഷമമായി നടക്കുന്നില്ല
ആസൂത്രണ പ്രക്രിയയില്‍ കുട്ടികള്‍ക്ക് പങ്കാളിത്തം നല്‍കുന്നതിനായി രൂപം നല്‍കിയിട്ടുള്ള കുട്ടികളുടെ ഗ്രാമസഭകള്‍ ജില്ലയില്‍ കാര്യക്ഷമമായി നടക്കുന്നില്ല എന്ന് പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ നടന്ന കുട്ടികളുടെ അവകാശ സംരക്ഷണവും തദ്ദേശഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിലുള്ള മാധ്യമ സെമിനാര്‍ വിലയിരുത്തി. ബാലസൗഹൃദ തദ്ദേശഭരണം പഞ്ചായത്ത് രാജ് നിയമത്തിന്റെ ഒരു പ്രധാന ഘടകമാണ്. കുട്ടികളുടെ ഗ്രാമസഭ ആറ് മാസത്തിലൊരിക്കല്‍ ചേരണമെന്നാണ് നിയമം. ബന്ധപ്പെട്ട വാര്‍ഡംഗം അല്ലെങ്കില്‍ കൗണ്‍സിലറാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. എന്നാല്‍ പല തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇത്തരത്തില്‍ ബാലഗ്രാമസഭകള് കൃത്യമായി നടക്കാറില്ല. നടക്കുന്ന സ്ഥലങ്ങളില്‍ പലപ്പോഴും കുട്ടികളുടെ പങ്കാളിത്തവും കുറവാണ്. ബാലഗ്രാമസഭകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളുകളുടെ ഭരണനിര്‍വഹണാവകാശം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ ബാലാവകാശ സംരക്ഷണത്തിലും കുട്ടികളുടെ വികസനത്തിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്ക് ഏറെ വലുതാണ്. ഗ്രാമതലത്തില്‍ വില്ലേജ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളും ബ്ലോക്ക്തലത്തിലും ബ്ലോക്ക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളും ജില്ലാതലത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളും പ്രവര്‍ത്തിക്കേണ്ടതുണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ബാധ്യതയാണ്. ജില്ലയില്‍ ബാലാവകാശ സംരക്ഷണത്തിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് വൈവിധ്യമാര്‍ന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. പിന്നാക്ക മേഖലകളിലെയും അനാഥമന്ദിരങ്ങളിലെയും കുട്ടികളുടെ കലാകായികാഭിരുചികള് കണ്ടെത്തുന്നതിനുള്ള ദിശ പദ്ധതി, അനാഥമന്ദിരങ്ങളിലെ കുട്ടികളില്‍ കൃഷിയില്‍ താത്പര്യം ജനിപ്പിക്കുന്നതിനുള്ള ഹരിതോദയം പദ്ധതി, ഗവി, മൂഴിയാര്‍, അട്ടത്തോട് മേഖലകളിലെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സുഭക്ഷിത ബാല്യം സുന്ദരബാല്യം പദ്ധതി, ശബരിമലയില്‍ ബാലഭിക്ഷാടനവും ബാലവേലയും ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷന് ശരണബാല്യം പദ്ധതി, ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനുള്ള അതിജീവനം പദ്ധതി തുടങ്ങിയ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ജില്ലയില്‍ നടപ്പാക്കുന്നത്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഫാക്കല്‍റ്റി ഷാന്‍ രമേശ് ഗോപന് വിഷയാവതരണം നടത്തി. മാതൃഭൂമി ബ്യൂറോ ചീഫ് ടി.അജിത്കുമാര്‍ മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി.ശ്രീഷ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബി എബ്രഹാം, സെക്രട്ടറി ബിജു കുര്യന് തുടങ്ങിയവര്‍ പങ്കെടുത്തു.