മികച്ച സേവനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പനാട് – ഓതറ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത നിര്‍മാണത്തില്‍ കേന്ദ്ര സര്‍ക്കാരിന്  അനാസ്ഥയാണുള്ളത്,  വേണ്ട രീതിയില്‍ റോഡ്  നിര്‍മാണം നടക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ശ്രമഫലമായി ലോകത്തിലെ തന്നെ ഏറ്റവും വികാസം പ്രാപിച്ച ഭൂപ്രദേശമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പുതിയ കാലം പുതിയ നിര്‍മാണം എന്ന വികസന മുദ്രാവാക്യം ഏറ്റെടുത്ത്് പൂര്‍ത്തീകരിച്ചതാണ് കുമ്പനാട് ഓതറ റോഡ്. ആറന്മുള മണ്ഡലത്തിലെ പ്രധാന പാതയായ കുമ്പനാട്- ആറാട്ടുപുഴ റോഡിലെ പെണ്‍പള്ളിക്കുടം ജംഗ്ഷനില്‍ നിന്നും തുടങ്ങി നെല്ലിമല, പഴയകാവ് എന്നീ ജംഗ്ഷനുകളില്‍കൂടി കടന്നുപോയി മറ്റൊരു പ്രധാന റോഡായ കല്ലിശേരി- ഇരവിപേരൂര്‍ റോഡില്‍ ഓതറ ആല്‍ത്തറ ജംഗ്ഷനില്‍ അവസാനിക്കുന്നതാണ് കുമ്പനാട്- ഓതറ റോഡ്. 4.45 കിലോമീറ്ററാണ് ഈ റോഡിന്റെ ദൈര്‍ഘ്യം.    4.3 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.18 മാസം കൊണ്ടാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്
കാലങ്ങളായി അടിസ്ഥാന വികസനം എത്തിച്ചേരാതിരുന്ന പ്രദേശവാസികള്‍ക്ക് ഈ റോഡിന്റെ ആധുനിക രീതിയിലുള്ള നിര്‍മാണം ആശ്വാസകരമാണ്. 3.50 കിലോമീറ്റര്‍ ദൂരം വീതികൂട്ടി, താഴ്ന്ന ഭാഗങ്ങളില്‍ ജിഎസ്ഡബ്ല്യു, ഡബ്ല്യുഎംഎം എന്നിവ ഇട്ട് ഉയര്‍ത്തി ആകെയുള്ള 4.45 കിലോമീറ്റര്‍ ദൂരവും 5.50 മീറ്റര്‍ ക്യാരേജ് വേ വീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിംഗ് നടത്തി. രണ്ട് പുതിയ കലുങ്കുകള്‍ നിര്‍മിച്ചു. നിലവിലുള്ള മൂന്ന് കലുങ്കുകള്‍ക്ക് വീതികൂട്ടി. ഇരുവശങ്ങളിലുമായി 555 മീറ്റര്‍ സംരക്ഷണഭിത്തി, 1500 മീറ്റര്‍ ഓട നിര്‍മാണം, റോഡ് സുരക്ഷാ സംവിധാനം എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കൃഷ്ണകുമാര്‍, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.റ്റി അനസൂയദേവി, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോന്‍സി കിഴക്കേടത്ത്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.രാജീവ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സബിത കുന്നേത്ത്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജിത, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി.റ്റി ശോശാമ്മ, സാലി ജേക്കബ്, ജയപാലന്‍,ഗോപികുട്ടന്‍, ജോളി മാത്യു, നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. അനില്‍കുമാര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജി.ഉണ്ണികൃഷ്ണന്‍ നായര്‍, ജനപ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.