തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും യഥാക്രമം വര്‍ധിപ്പിച്ച ഓണറേറിയമായ 12,000 രൂപയും 8,000 രൂപയും ഏപ്രില്‍ മാസം മുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഓണറേറിയം യഥാക്രമം 11,500 രൂപയായും 7,750 രൂപയായും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. 2018 ഒക്‌ടോബര്‍ ഒന്നുമുതല്‍ ഇതിന് പ്രാബല്യമുണ്ടായിരിക്കും. ഇതുകൂടാതെ ഈ വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിച്ച വര്‍ധനവ് കൂടിയാകുമ്പോള്‍ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മാസം മുതല്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ഇതിന് പുറമേ അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് അങ്കണവാടി സെന്ററുകളുടെ ശരിയായ നടത്തിപ്പില്‍ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 250 രൂപ പെര്‍ഫോമന്‍സ് ഇന്‍സന്റീവ് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. സമ്പുഷ്ട കേരളം പദ്ധതി പ്രകാരം അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 500 രൂപ പെര്‍ഫോമന്‍സ് ഇന്‍സന്റീവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെയാണുള്ളതെങ്കിലും ബഹുഭൂരിപക്ഷം തുകയും സംസ്ഥാനമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. 2018 ഒക്‌ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 3,000 രൂപയില്‍ നിന്ന് 4,500 രൂപയായും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 1,500 രൂപയില്‍ നിന്ന് 2,250 രൂപയായും വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ 60 ശതമാനം തുകയായ 2,700 രൂപയും 1,350 രൂപയും മാത്രമാണ് യഥാക്രമം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ബാക്കി വരുന്ന അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള 8,800 രൂപയും ഹെല്‍പ്പര്‍മാര്‍ക്കുള്ള 6,400 രൂപയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. സംസ്ഥാന ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച വര്‍ധനവ് കൂടി പ്രാബല്യത്തില്‍ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം 9,300 രൂപയും 6,650 രൂപയുമായി വര്‍ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ അംഗന്‍വാടി ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനം മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിനേക്കാള്‍ വളരെ കൂടുതലാണ്. അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഹോണറേറിയം 6,600 രൂപയും 4,100 രൂപയുമായിരുന്നത് യഥാക്രമം 10,000 രൂപയും, 7,000 രൂപയും ആയി വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും വര്‍ദ്ധിപ്പിച്ച തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നിരുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം വര്‍ദ്ധനവിന്റെ 50 ശതമാനം സാമൂഹ്യ നീതി വകുപ്പ് വഹിക്കണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിച്ച തുക ജീവനക്കാര്‍ക്ക് ലഭ്യമാക്കി. 2018-19 മുതല്‍ സാമൂഹ്യ നീതി വകുപ്പ് വഴി തന്നെ വര്‍ദ്ധിപ്പിച്ച തുക മുഴുവനായും നല്‍കി വരുന്നു. ഇതുകൂടാതെ അംഗന്‍വാടി വര്‍ക്കര്‍മാരുടെ പെന്‍ഷന്‍ 500 രൂപയില്‍ നിന്നും 1,000 രൂപയായും ഹെല്‍പ്പര്‍മാരുടെ പെന്‍ഷന്‍ 300 രൂപയില്‍ നിന്നും 600 രൂപയായും വര്‍ദ്ധിപ്പിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡം അനുസരിച്ച് ഐ.സി.ഡി.എസ്. പദ്ധതിയുടെ വിഹിതം 2017 ഡിസംബര്‍ 1 മുതല്‍ 60:40ല്‍ നിന്നും 25:75 ആക്കി വെട്ടികുറച്ചിരിക്കുകയാണ്. അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയത്തിനുള്ള 60:40 അനുപാതത്തിലുള്ള വിഹിതം തല്‍ക്കാലം വെട്ടിക്കുറച്ചിട്ടില്ലെങ്കിലും 258 ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസുകളിലും, 14 ജില്ലാതല ഐ.സി.ഡി.എസ്. സെല്ലുകളിലും, ഡയറക്ടറേറ്റിലും ഉണ്ടായിരുന്ന 2,755 സ്ഥിരം ജീവനക്കാരില്‍ 1,904 ജീവനക്കാര്‍ക്ക് മാത്രമാണ് 25:75 അനുപാതത്തില്‍ കേന്ദ്ര വിഹിതം അനുവദിക്കാന്‍ തയ്യാറായിട്ടുള്ളത്. 851 മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായിരിക്കുകയാണ്. ഐ.സി.ഡി.എസിന്റെ പേര് അംഗന്‍വാടി സര്‍വീസസ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഓരോ വര്‍ഷവും 139 കോടി രൂപയാണ് അധികമായി സംസ്ഥാനത്തിന് ഈയിനത്തില്‍ മാത്രം അധിക ബാധ്യതയായി വന്നിരിക്കുന്നതെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.