കൊച്ചി: നിരവധി പേരുടെ കൃതികളും ജീവിതവും സ്വന്തം വീക്ഷണകോണിലൂടെ വ്യത്യസ്തമായി മലയാളികള്‍ക്കുമുന്നില്‍ അക്ഷരങ്ങളാല്‍ വരച്ചിട്ട സാഹിത്യകാരന്‍ പ്രൊഫ.എം.കെ.സാനുവെന്ന മലയാളത്തിന്റെ സാനുമാഷിന് സ്‌ക്രീനില്‍ സ്വന്തം ജീവിതത്തിന്റെ ഫ്‌ലാഷ് ബാക്ക് കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന ഡോക്യുമെന്ററി ഫെസ്റ്റ് ‘അതിജീവനം 2019 ‘ എറണാകുളം പബ്ലിക് ലൈബ്രറിയില്‍ ഉദ്ഘാടനം ചെയ്ത് ആദ്യപ്രദര്‍ശനം കാണാനിരുന്നതായിരുന്നു അദ്ദേഹം.
മലയാള ചലച്ചിത്ര സംവിധായകനും നടനുമായ മധുപാല്‍ പ്രൊഫ.എം.കെ.സാനുവിനെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ‘പ്രൊഫ.എം.കെ.സാനു: മനുഷ്യനെ സ്‌നേഹിച്ച ഒരാള്‍ ‘ പബ്ലിക് ലൈബ്രറിയിലെ’ തിയേറ്ററില്‍ സംഘാടകര്‍ക്കും അതിഥികള്‍ക്കുമൊപ്പം കണ്ടുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ജീവിതത്തില്‍ താന്‍ ഏറിയ പങ്കും ചെലവഴിച്ചിരുന്ന സ്ഥലങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും വ്യക്തികളിലൂടെയും കടന്നുപോയ ദൃശ്യങ്ങള്‍ ഏറെ സൂക്ഷ്മതയോടും അതിശയത്തോടുംകൂടിയാണ് അദ്ദേഹം കണ്ടത്. ദീര്‍ഘകാലം ചെലവഴിച്ച മഹാരാജാസ് കോളേജ്, കാല്‍നൂറ്റാണ്ടിലധികം കാലം സുഹൃത്തുക്കളോടൊപ്പം പതിവായി നടക്കാനിറങ്ങുമായിരുന്ന ദര്‍ബാര്‍ ഹാള്‍ മൈതാനം, ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി, വിശ്രമിക്കാനിരിക്കുമായിരുന്ന തണലിടങ്ങളിലെല്ലാം അദ്ദേഹത്തെ അനുഗമിച്ച് ഭാവങ്ങള്‍ പകര്‍ത്തിയ ക്യാമറ. പ്രശസ്തരും ഉത്സാഹികളുമൊക്കെയായ നിരവധി സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സുഹൃത്തുക്കള്‍, ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍ തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തെക്കുറിച്ച് മനസ്സിലുള്ള ചിത്രം വിവരിക്കുന്നു. മഹാരാജാസ് കോളേജിലെ ദൃശ്യങ്ങളില്‍ അദ്ദേഹത്തെ എഴുത്തുകാരന്‍ ജോണ്‍ പോള്‍ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, ഡോ.സി.കെ.രാമചന്ദ്രന്‍, അപ്പുനായര്‍ എന്നിവര്‍ക്കൊപ്പം കാല്‍ നൂറ്റാണ്ടോളം നടന്നുപതിഞ്ഞ ദര്‍ബാര്‍ ഹാള്‍ റോഡിലൂടെയും അദ്ദേഹം പതിയെ നടന്നു നീങ്ങുന്നു. പിന്നീടങ്ങോട്ട് സുഹൃദ് ശിഷ്യ ബന്ധു വലയങ്ങളിലുള്ളവരുടെ കാഴ്ച്ചപ്പാടുകള്‍…..എല്ലാം സശ്രദ്ധം വീക്ഷിക്കുന്നു; ഇടക്കിടെ ആ കട്ടിക്കണ്ണടയൂരിമാറ്റി കണ്ണു തുടയ്ക്കുന്നു.

പ്രൊഫ.എം.കെ.സാനുവെന്നാല്‍ അധ്യാപകനാണ്, വാഗ്മിയാണ്, എഴുത്തുകാരനാണ്, അച്ഛനാണ്, മുത്തച്ഛനാണ് സര്‍വ്വോപരി ഒരു നല്ല മനുഷ്യനാണെന്ന് ഡോക്യുമെന്ററി പറഞ്ഞു നിര്‍ത്തുമ്പോള്‍ സഹജമായ നിസ്സംഗതയോടെയുള്ള ഒരു ചിരി മാത്രം…..

എന്തു തോന്നുന്നുവെന്ന ചോദ്യത്തിന് ചുറ്റുപാടുകള്‍ തന്നെ കൂടുതല്‍ അസ്വസ്ഥനാക്കുന്നുവെന്ന് മറുപടി. വര്‍ഷങ്ങള്‍ക്കുമുമ്പ് കുഴിച്ചുമൂടിയ പല അനാചാരങ്ങളും കുഴിയില്‍നിന്നിറങ്ങി വരുന്ന പശ്ചാത്തലത്തില്‍ കേരളം അതിജീവനത്തിന്റെ പാത തേടുകയാണ്. സുസ്ഥിരമായ ഒരു ജീവിതക്രമത്തിലേക്കെത്താന്‍ ഇനിയുമേറെ ദൂരം പിന്നിടേണ്ടിയിരിക്കുന്നു എന്ന സത്യമാണ് തന്നെ അസ്വസ്ഥനാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വി.കെ.പ്രസാദ് അധ്യക്ഷത വഹിച്ചു. എറണാകുളം പബ്ലിക് ലൈബ്രറി സെക്രട്ടറി അഡ്വ.എസ്. കൃഷ്ണമൂര്‍ത്തി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ എന്നിവര്‍ സംസാരിച്ചു.

എറണാകുളം പബ്ലിക് ലൈബ്രറി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കൊച്ചിന്‍ ഫിലിം സൊസൈറ്റി, മെട്രോ ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ഫെബ്രുവരി 28 വരെയാണ് ഫെസ്റ്റ് നടത്തുന്നത്.

എം.വേണുകുമാര്‍ സംവിധാനം ചെയ്ത പ്രളയ ശേഷം ഹൃദയപക്ഷം, പ്രിയനന്ദനന്‍ സംവിധാനം ചെയ്ത വൈലോപ്പിള്ളി ഒരു കാവ്യ ജീവിതം , കെ.ജി.ജോര്‍ജ് സംവിധാനം നിര്‍വ്വഹിച്ച വള്ളത്തോള്‍ മഹാകവി എന്നീ ഡോക്യുമെന്ററികള്‍ ഉദ്ഘാടന ശേഷം പ്രദര്‍ശിപ്പിച്ചു.

ഡോ.വിനോദ് മങ്കര സംവിധാനം ചെയ്ത ‘ക്ഷേത്രപ്രവേശന വിളംബരം സമര വിജയവീഥികള്‍ ‘, ജയരാജ് സംവിധാനം ചെയ്ത ‘കടമ്മന്‍: പ്രകൃതിയുടെ പടയണിക്കാരന്‍, കെ.പി.കുമാരന്‍ സംവിധാനം നിര്‍വ്വഹിച്ച സി.വി.രാമന്‍പിള്ള: വാക്കിന്റെ രാജശില്‍പ്പി , റ്റി.വി.ചന്ദ്രന്‍ ഒരുക്കിയ രാമു കാര്യാട്ട്: സ്വപ്നവും സിനിമയും, എം.പി.സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത പൊന്‍കുന്നം വര്‍ക്കി, റ്റി.കെ.രാജീവ് കുമാര്‍ ഒരുക്കിയ രാഗം മണിരംഗ് നെയ്യാറ്റിന്‍കര വാസുദേവന്‍, ടി.രാജീവ് നാഥ് സംവിധാനം ചെയ്ത പി.പത്മരാജന്‍ ഒരു പുനര്‍വായന, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത എന്‍.പി.മുഹമ്മദ്, വി.ആര്‍.ഗോപിനാഥ് സംവിധാനം ചെയ്ത ദേവനായകന്‍ പത്മഭൂഷണ്‍ പ്രേംനസീറിനെക്കുറിച്ചുള്ള ഒരു രേഖാചിത്രം- ദേവനായകന്‍ പ്രേം നസീര്‍, നീലന്‍ സംവിധാനം ചെയ്ത പ്രേംജി: ഏകലോചന ജന്മം, എം.ജി.ശശി സംവിധാനം ചെയ്ത അഴീക്കോട് മാഷ്, പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്ത വി.സാംബശിവന്‍: കഥാകഥനത്തിന്റെ രാജശില്‍പി എന്നിവയുമടക്കം 14 പ്രൊഫൈല്‍ ഡോക്യുമെന്ററികളുള്‍പ്പെടെ 16 ഡോക്യുമെന്ററികളാണ് പ്രദര്‍ശിപ്പിക്കുക. ജില്ലയില്‍ എറണാകുളം പബ്ലിക് ലൈബ്രറിയും ദര്‍ബാര്‍ ഹാള്‍ മൈതാനവുമാണ് പ്രധാന പ്രദര്‍ശന വേദികള്‍. കൂടാതെ ബ്ലോക്കുകള്‍ തോറും വിവിധ കേന്ദ്രങ്ങളിലും പ്രദര്‍ശനം നടക്കും.