പതിറ്റാണ്ടുകളായി ഭൂമി കൈവശം വച്ചിരിക്കുന്ന അര്‍ഹരായ കുടുംബാംഗങ്ങള്‍ക്ക് ഭൂമി പതിച്ച് നല്കുമ്പോള് മാതാപിതാക്കളുടെ ഭൂസ്വത്ത് പരിഗണിക്കാതെ ഭൂമി പതിച്ച് നല്കാന് തയ്യാറാകണമെന്നും നിയമത്തിന്റെ സാങ്കേതികത്വം ദുര്‍വാഖ്യാനം ചെയ്യാതെ അര്‍ഹരായവര്‍ക്ക് പട്ടയം നല്കാന് പ്രത്യേക പരിഗണന നല്‍കണമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. സര്‍ക്കാറിന്റെ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഭൂമി പതിവ് ചട്ടം പ്രകാരമുള്ള 245 പട്ടയം, 15 ദേവസ്വം പട്ടയം, 258 എല്‍.റ്റി പട്ടയം, 20 മിച്ചഭൂമി പട്ടയം എന്നിങ്ങനെ ആകെ 538 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആയിരം ദിനം പൂര്‍ത്തിയാക്കുമ്പോഴേക്കും 1,05,000 പട്ടയം നല്കി കഴിഞ്ഞിരിക്കുന്നു. കൂടാതെ ജില്ലയില്‍ 6057 പട്ടയവും ഇതോടെ നല്കി കഴിഞ്ഞിരിക്കുന്നു. ദിനം പ്രതി നൂറില്‍പരം പട്ടയം വിതരണം ചെയ്യാന്‍ പറ്റിയത് ഈ സര്‍ക്കാറിന്റെ വലിയ നേട്ടമാണ്.
നിയമം വ്യാഖ്യാനിക്കുന്നതിലുള്ള സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സര്‍ക്കാര്‍ ഭൂമി പതിച്ചു നല്കുന്നതില് കാലതാമസം നേരിട്ടിരുന്നു. ഇത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പട്ടികജാതി പട്ടിക വിഭാഗത്തില്‍പ്പെട്ടവരുടെ അപേക്ഷകള്‍ക്ക് മുന്‍ഗണ നല്‍കും. ഭൂമിയുടെ ലഭ്യത അനുസരിച്ച് 15 സെന്റ് വരെ മാത്രം നല്‍കാനാണ് നിലവില്‍ സര്‍ക്കാരിന്റ തീരുമാനം. വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് അവകാശം നല്കാന് ഉദ്യോഗസ്ഥര്‍ തയ്യാറാകണമന്നും മന്ത്രി പറഞ്ഞു. തെരഞ്ഞടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. 2020 ഓടെ ഇനിയും പട്ടയ മേളകള്‍ സംഘടിപ്പിച്ച് ഇത്ര തന്നെ പട്ടയം നല്‍കും. കൂടാതെ പദ്ധതി വിജയകരമാക്കുന്നതിന് അവധി ദിനങ്ങളില്‍ പോലും ജോലി ചെയ്യാന്‍ തയ്യാറാക്കുന്നവരാണ് റവന്യൂ വകുപ്പ് ജീവനക്കാരെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
പട്ടയമേളയുടെ ഭാഗമായി നടന്ന പരിപാടിയില്‍ ജില്ലയിലെ നാലു താലൂക്കുകളില്‍ നിന്നുമായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. കൂടാതെ കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്കു അമ്പതിനായിരം രൂപയും മന്ത്രി കൈമാറി. ചടങ്ങില്‍ കെ കുഞ്ഞിരാമന് എം.എല്‍ എ അധ്യക്ഷനായി. അഡ്വ ഗോവിന്ദന് പള്ളിക്കാപ്പില്‍, വി കെ രമേശന്, ജോസഫ് വടകര, കുഞ്ഞിരാമന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു സ്വാഗതവും സബ് കളക്ടര്‍ അരുണ്‍ കെ വിജയന് നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, മറ്റ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
