കായംകുളം :കേരളത്തിൽ ഇപ്പോൾ നടക്കുന്നത് 50000 കോടി രൂപയുടെ വികസനപ്രവർത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകാലങ്ങളിൽ അപ്രാപ്യമെന്നു പലരും എഴുതിത്തള്ളിയ പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ചാണ് സംസ്ഥാന സർക്കാർ ആയിരം ദിനങ്ങൾ കടന്നു മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഗെയിൽ പൈപ്പ്ലൈൻ പോലെയുള്ള പദ്ധതികൾ ഇതിനു ഉദാഹരണമാണ്. കിഫ്ബി വഴി 41,000 കോടി രൂപയുടെ പദ്ധതികൾക്കാണ് നിലവിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്. 1000 ദിനങ്ങൾക്ക് മുൻപുള്ള കേരളമല്ല നാം ഇന്ന് കാണുന്നത്. അഴിമതിയും സ്വജനപക്ഷപാതവും തുടച്ചു നീക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പ്രളയം തകർത്തെറിഞ്ഞ കേരളത്തെ ഒരുമയോടെ തിരിച്ചു കൊണ്ടുവന്നതിന്റെ ഒപ്പമാണ് സർക്കാർ ആയിരം ദിനം പൂർത്തീകരിക്കുന്നത്. മലയോര -തീരദേശ ഹൈവേകൾ പൂർത്തീകരണത്തിന്റെ പാതയിലാണ്.ഇത്തരത്തിൽ നാടിന്റെ സമസ്ത മേഖലകളിലും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ആയിരം ദിനങ്ങൾക്ക് ഉള്ളിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതെന്നും വരും ദിനങ്ങളിൽ ഈ വികസന മുന്നേറ്റത്തിന് കൂടുതൽ വേഗം കൈവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കായംകുളം നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

പുതുതായി പണികഴിപ്പിച്ച കായംകുളം വനിതാ പോളി കെട്ടിടത്തിന്റെ ഉദ്ഘാടനം,നിർമ്മാണത്തിനായി സ്ഥലമേറ്റെടുത്തിരിക്കുന്ന അതിനൂതന സൗകര്യങ്ങളോടു കൂടിയുള്ള കായംകുളം മൾട്ടിപ്ലക്സ് തീയേറ്ററിന്റെ ശിലാസ്ഥാപനം,മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള കായലോര ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം,കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് വേണ്ടിയുള്ള ഭൂമി ഏറ്റുവാങ്ങൽ, കൃഷ്ണപുരം സാംസ്‌കാരിക വിനോദ കേന്ദ്രത്തിന്റെ ഉദ്ഘാടനം തുടങ്ങിയവയാണ് മുഖ്യമന്ത്രി നിർവഹിച്ചത്. പൊതുമരാമത്തു രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സി.കെ.സദാശിവന്റെ കാലത്ത് ആവിഷ്‌കരിച്ച കായംകുളം കായലോര ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മത്സ്യകന്യകയുടെ ശില്പത്തിന്റെ അനാച്ഛാദനം ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കായംകുളം എം. എൽ. എ യു. പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കായംകുളം നഗരസഭാ ചെയർമാൻ എൻ. ശിവദാസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ആനന്ദൻ, എം. എ അലിയാർ, ആർ ഗിരിജ തുടങ്ങിയവർ സംസാരിച്ചു.