ഭരണിക്കാവ്: സംസ്ഥാനത്ത് അവശതയും ദുരിതവും അനുഭവിക്കുന്നവർക്കൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറനാട് ലെപ്രസി സാനട്ടോറിയം സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണോത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രത്യേക ഒരു മേഖലയുടെ വികസനം മാത്രം ലക്ഷ്യമിടാതെ സമഗ്ര മേഖലകളുടേയും വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആയിരം ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാനത്ത് ഉണ്ടായിരുന്ന അവസ്ഥയല്ല ഇപ്പോഴുള്ളത്. ആരോഗ്യ, പൊതുവിദ്യാഭ്യാസ മേഖലയിൽ മികച്ച മുന്നേറ്റമാണ് ഉണ്ടായത്. പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാണെന്ന് പൊതുജനങ്ങൾക്ക് ബോധ്യമായി. സംസ്ഥാനത്ത് നടക്കില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ച പല പദ്ധതികളും ഇന്ന് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, തീരദേശ, മലയോര ഹൈവേകളുടെ നിർമ്മാണം, കോവളം മുതൽ ബേക്കൽ വരെ 600 കിലോമീറ്റർ ദൂരത്തിൽ ദേശീയ ജലപാത എന്നിവ ഉടൻ യാഥാർത്ഥ്യമാക്കും. ഇത്തരം ജനക്ഷേമ പദ്ധതികളാണ് സർക്കാറിന്റെ ലക്ഷ്യം. സംസ്ഥാനത്ത് ആയിരം ദിവസം മുൻപ് വരെ 600 രൂപ ക്ഷേമ പെൻഷൻ കിട്ടിയവർക്ക് ഇന്ന് ആയിരത്തി ഇരുനൂറ് രൂപയാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നൂറനാട് ലെപ്രസി സാനിട്ടോറിയത്തിൽ നിർമ്മാണം പൂർത്തിയാക്കുന്ന പുതിയ ആശുപത്രി വഴി സംസ്ഥാനത്ത് നിന്നും കുഷ്ടരോഗം പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഒ.പി. ബ്ലോക്ക്, പുരുഷ ഐ.പി. ബ്ലോക്ക്, സ്ത്രീകൾക്കുള്ള ഐ.പി. ബ്ലോക്ക്, എന്നിങ്ങനെ നാല് ബഹുനില കെട്ടിടങ്ങളാണ് ആശുപത്രി സ്പെഷ്യാലിറ്റി ആക്കി മാറ്റുന്നതന്റെ ഭാഗമായി നിർമ്മിക്കുന്നത്.
2016-17 വർഷത്തെ നബാർഡ് പദ്ധതി പ്രകാരം 40 കോടി 30 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടത്തുന്നത്. ഒന്നാം ഘട്ടത്തിലെ 22 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ആദ്യം ആരംഭിക്കുന്നത്. ഈ 22 കോടി രൂപയിൽ ഇലക്ട്രിഫിക്കേഷൻ ഒഴികെയുള്ള മരാമത്ത് പ്രവർത്തനങ്ങൾ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. ആശുപത്രിയുടെ വികസനവും സെപ്ഷ്യാലിറ്റിയായി ഉയർത്തുന്നതും ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്.
യോഗത്തിൽ ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് പകർച്ചവ്യാധികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും കുഷ്ടരോഗത്തെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. തോപ്പിൽ ഭാസിയുടെ അശ്വമേധം എന്നാണ് ഈ യഞ്ജത്തെ നാമകരണം ചെയ്തിട്ടുള്ളത്.
ആർ. രാജേഷ് എം.എൽ.എ., ജില്ലാ കളക്ടർ എസ്. സുഹാസ്, സി.എസ്. സുജാത എക്സ്. എം.പി., ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ ഇ.കെ. ഹൈദ്രൂ, താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഗീത, ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ്, കെ. രാഘവൻ, ജി. രാജമ്മ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, മാവേലിക്കര നഗരസഭാധ്യക്ഷ ലീലാ അഭിലാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ അശോകൻ നായർ, ഓമന വിജയൻ, ശാന്ത ഗോപാലകൃഷ്ണൻ, ജി. മുരളി, വത്സലാ സോമൻ, ഷൈലാ ലക്ഷ്മണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. സുമ, ബി. വിശ്വൻ, ജേക്കബ് ഉമ്മൻ, ജെബിൻ പി. വർഗ്ഗീസ്, അരിതാ ബാബു, നബാർഡ് അഡി. ജന. മാനേജർ ആർ. രഘുനാഥൻപിള്ള, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതാകുമാരി, ഡോ. കെ. ആർ. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.പി. കോശി, ഗ്രാമപഞ്ചായത്തംഗം സുജാ ഓമനക്കുട്ടൻ, ലെപ്രസി സാനിട്ടോറിയം സൂപ്രണ്ട് ഡോ. വിദ്യ പി.വി., ഇസ്മയിൽകുഞ്ഞ്, ആർ. നാസർ, എം.എ. അലിയാർ, എന്നിവർ പ്രസംഗിച്ചു.