പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ പദ്ധതികളുടെ ഗുണഫലം അര്‍ഹരായ എല്ലാവരിലും എത്തിക്കുന്നതിനായി ആരംഭിച്ച വടക്കഞ്ചേരി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ -നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിച്ചു. വകുപ്പ് തുടങ്ങി 25 വര്‍ഷം പിന്നിട്ടെങ്കിലും ആകെ 20 ഉപജില്ലാ ഓഫീസുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. പിന്നാക്ക -മത ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക- വിദ്യാഭ്യാസ ഉന്നമനത്തിനായി വിവിധ ക്ഷേമപ്രവൃത്തികള്‍ നടപ്പാക്കുന്ന വകുപ്പിന്റെ സേവനം ജനങ്ങള്‍ക്ക് പ്രാദേശികമായി ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 10 ഉപജില്ലാ ഓഫീസുകളാണ് ആരംഭിക്കുതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ വടക്കഞ്ചേരിയിലേത് മൂന്നാമത്തെ ഓഫീസാണ്.

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ വടക്കഞ്ചേരി ഉപജില്ലാ ഓഫീസ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു.


കണ്ണമ്പ്രയില്‍ ഒരുങ്ങുന്ന ക്രാഫ്റ്റ് വില്ലേജില്‍ പരമ്പരാഗത തൊഴിലാളികള്‍ക്ക് നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചു കൊടുക്കുകയും അവയുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. പ്രവാസി പുനരധിവാസം ലക്ഷ്യം വെച്ച് നോര്‍ക്കാ റൂട്ട്‌സുമായി ചേര്‍ന്ന് റീ-ടേണ്‍ പദ്ധതി ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
വടക്കഞ്ചേരി ഇന്ദിര പ്രിയദര്‍ശിനി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന പരിപാടിയില്‍ കെ. ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. എന്റെ വീട് ഭവനവായ്പാ മുന്‍ എം.എല്‍.എ. സി.ടി. കൃഷ്ണന്‍ വിതരണം ചെയ്തു. പ്രവാസി പുനരധിവാസ വായ്പ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണിയും വിവാഹ വായ്പ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് മെംബര്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കെ.എസ് ബി.സി.ഡി.സി അധികൃതര്‍ പങ്കെടുത്തു.

മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കുന്നു