കാക്കനാട്: തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉടന്‍ വിജ്ഞാപനമിറക്കുമെന്ന പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേയ്ക്ക് കടന്നു. പെരുമാറ്റച്ചട്ടം സംബന്ധിച്ച് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ജില്ലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം നടത്തി. സമാധാനപൂര്‍ണ്ണമായി തെരഞ്ഞെടുപ്പ് നടത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മതപരമോ ജാതിപരമോ ഭാഷാപരമോ ആയ സ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ നയമോ പൊതുവായ കാര്യങ്ങളോ വിമര്‍ശനത്തിനു വിധേയമാക്കാമെങ്കിലും വ്യക്തിപരമായ കാര്യങ്ങളില്‍ പരാമര്‍ശം പാടില്ല. ആരാധനാസ്ഥലങ്ങള്‍ പ്രചാരണത്തിനുപയോഗിക്കരുത്. കൈക്കൂലി നല്‍കിയോ ഭീഷണിപ്പെടുത്തിയോ ആള്‍മാറാട്ടം നടത്തിയോ വോട്ടു ചെയ്യിക്കരുത്. സ്വകാര്യവ്യക്തികളുടെ സ്ഥലം, കെട്ടിടം, ചുറ്റുമതില്‍ തുടങ്ങിയവ ഉടമയുടെ അനുവാദമില്ലാതെ പ്രചരണത്തിനുപയോഗിക്കരുത്. പാര്‍ട്ടി യോഗങ്ങളുംമറ്റും മറ്റു പാര്‍ട്ടിക്കാര്‍ തടസ്സപ്പെടുത്തുകയോ മറ്റു പാര്‍ട്ടികളുടെ പ്രചരണസാധനങ്ങള്‍ എടുത്തുമാറ്റുകയോ ചെയ്യരുത്. പാര്‍ട്ടി/ സ്ഥാനാര്‍ത്ഥി യോഗം നടത്തുന്നതിനു മുമ്പ് സ്ഥലത്ത് യോഗം നടത്താന്‍ അനുമതിയുണ്ടെന്ന് ഉറപ്പുവരുത്തുകയും പോലീസില്‍ അറിയിക്കുകയും ചെയ്യണം. ലൗഡ് സ്പീക്കര്‍ തുടങ്ങിയവ യോഗത്തില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണം. ജാഥ നടത്തുന്നുണ്ടെങ്കില്‍ സ്ഥലം, തുടക്കം, റൂട്ട്, അവസാനിക്കുന്ന സ്ഥലം, പരിപാടി തുടങ്ങിയവ മുന്‍കൂട്ടി ലോക്കല്‍ പോലീസിനെ അറിയിക്കണം. പ്രദേശത്ത് ജാഥ നടത്താന്‍ നിയന്ത്രണമില്ലെന്ന് ഉറപ്പുവരുത്തണം. പൊതുഗതാഗതത്തെ ബാധിക്കാതിരിക്കാന്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കണം. പൊതു സ്ഥലങ്ങളിലും കളക്ടറേറ്റിനു ചുറ്റും സ്ഥാപിച്ചിട്ടുള്ളതും വരച്ചിട്ടുള്ളതുമായ പാര്‍ട്ടി ചിഹ്നം, ബാനറുകള്‍ തുടങ്ങിയവ വിജ്ഞാപനം വരുന്നതിനുമുമ്പ് മാറ്റണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ അതതു പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ അവ ഉള്‍പ്പെടും.

ജില്ലയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ണ്ണമായും ഹരിതചട്ടങ്ങളുപയോഗിച്ച് നടത്താന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. പരിശീലനം, പ്രചാരണം, വോട്ടിങ്, വോട്ടെണ്ണല്‍ തുടങ്ങി എല്ലാ ഘട്ടങ്ങളും ഹരിതചട്ടപ്രകാരം നടത്തും. റിട്ടേണിങ്- അസി.റിട്ടേണിങ് ഓഫീസര്‍മാരുടെ ഓഫീസ്, പോളിങ് ബൂത്തുകള്‍, പരിശീലനകേന്ദ്രങ്ങള്‍, ഇവിഎം- വിവിപാറ്റ് കമ്മീഷനിങ് കേന്ദ്രങ്ങള്‍, പോസ്റ്റല്‍ ബാലറ്റ് സെന്റര്‍, വോട്ടെണ്ണല്‍ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമേഖലകളായി പ്രഖ്യാപിക്കും. ഇക്കാര്യത്തില്‍ പ്രചാരണ പരിപാടികളിലടക്കം ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്ന് രാഷ്ട്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് കളക്ടര്‍ ആവശ്യപ്പെട്ടു.
എഡിഎം കെ.ചന്ദ്രശേഖരന്‍ നായര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ദിനേശ് കുമാര്‍, വിവിധ ദേശീയ- സംസ്ഥാന പാര്‍ട്ടി പ്രതിനിധികള്‍, തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.