ആലപ്പുഴ: തോട്ടപ്പള്ളി നിവാസികളുടെ ചിരകാല സ്വപ്നം തോട്ടപ്പള്ളി നാലുചിറപാലം നിർമ്മാണോദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. പാലം വികസനത്തിന്റെ ആദ്യപടിയാണെന്ന് മന്ത്രി പറഞ്ഞു. വികസനത്തിന്റെ ഭാഗമായി കരുമാടി വരെ റോഡ് നിർമാണവും ഉടൻ ഉണ്ടാകുമെന്ന്ും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ വികസനത്തിന്റെ ആവശ്യകത മനസിലാകാത്ത ഒരു പ്രതിപക്ഷം ആണ് ജില്ലയിൽ ഉള്ളതെന്നും വികസനങ്ങൾ നടത്താൻ ശ്രമിക്കുമ്പോൾ അത് തടസപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ ആണ് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.
അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ഒറ്റപ്പെട്ട പ്രദേശമായ നാലുചിറ ഇല്ലിച്ചിറ പ്രദേശത്തെ ദേശീയപാതയുമായി ബന്ധിപ്പിച്ച് കൊണ്ട് ദേശീയ ജലപാതയ്ക്ക് കുറുകെയാണ് ഈ പാലം യാഥാർത്ഥ്യമാകുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 38 കോടി രൂപ മുടക്കിയാണ് പാലം നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗം പദ്ധതി രേഖ തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചു. പാലത്തിന് അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം ഉടമകൾ മുൻകൂർ വിട്ട് തരാൻ സമ്മതിച്ചതിനാലാണ് ഈ പദ്ധതി ഇവിടെ യാഥാർത്ഥ്യമാകുന്നത്. കിഫ്ബിയിൽപ്പെടുത്തി ആലപ്പുഴ ജില്ലയിൽ നിർമ്മാണം ആരംഭിക്കുന്ന ആദ്യത്തെ പാലമാണിത്. പുറക്കാട്, തകഴി, കരുവാറ്റ, അമ്പലപ്പുഴ, തുടങ്ങി പഞ്ചായത്തുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൈതാങ്ങായി മാറുകയാണ് ഈ പാലം. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ദേശീയപാത 66 ന് സമാന്തിരമായി നിർമ്മിക്കുവാൻ തുക അനുവദിച്ചിരിക്കുന്ന അമ്പലപ്പുഴ – തോട്ടപ്പള്ളി ബൈപ്പാസിലെ പ്രധാന പാലങ്ങളിലെ ഒന്നുകൂടിയാകുകയാണിത്.
എക്ട്രഡോസ്ഡ് ബ്രിഡ്ജ് എന്ന നവീന രീതിയിലാണ് പാലത്തിൻറെ ഡിസൈൻ രൂപപ്പെടുത്തിയിരിക്കുന്നത്. 300 മീറ്റർ നീളമുള്ള പാലത്തിന് ഏഴരമീറ്റർ വീതിയിൽ കാരേജ് വേയുമുണ്ട് അതോടൊപ്പം 1.5 മീറ്റർ വീതിയിലുള്ള നടപ്പാതകൾ ഉൾപ്പെടെ പാലത്തിൻറെ വീതി 11.60 മീറ്റർ ആണ്. പാലം മുതൽ ദേശീയപാത വരെയുള്ള ഒരു കി.മീറ്റർ റോഡിൻറെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിൻറെ മുഖച്ഛായ തന്നെ മാറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തികളിൽ ഒന്നായി മാറുകയാണ് തോട്ടപ്പള്ളി നാലുചിറ പാലം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം.ജുനൈദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി വേണു ലാൽ, വാർഡ് മെമ്പർ പ്രഭലേന്ദ്രൻ, മെമ്പർ ആർ സുനി, അഡ്വ ജിനുരാജ്, ചീഫ് എഞ്ചിനീയർ ബ്രിഡ്ജസ് മനോ മോഹൻ,കേരള റോഡ് ഫണ്ട് റോഡ് പ്രൊജക്റ്റ് ഡയറക്ടർ വി വി ബിനു, രാഷ്ട്രീയ പ്രതിനിധികളായ എച് സലാം, എ ഓമനക്കുട്ടൻ, ഇ കെ ജയൻ, കൊട്ടാരം ഉണ്ണികൃഷ്ണൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.