വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പള്ളി സ്വത്ത് സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് നിയമപരിഷ്കാര കമീഷൻ ബിൽ തയ്യാറാക്കിയത് സർക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാൻ സർക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്ത്യൻ സഭാ നേതാക്കളോട് വ്യക്തമാക്കി. കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് ബാവ, കെ.സി.ബി.സി അധ്യക്ഷൻ ആർച്ച് ബിഷപ്പ് സൂസപാക്യം, താമരശ്ശേരി രൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ, യൂജിൻ എച്ച് പെരേര തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി ഈ വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയത്.
ചർച്ച് ആക്ട് കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അത്തരമൊരു അജണ്ട ഇല്ലെന്നും മുഖ്യമന്ത്രി അസന്ദിഗ്ദമായി പറഞ്ഞു. 2006-2011 ലെ എൽ.ഡി.എഫ് സർക്കാരിന് മുമ്പിൽ ഇത്തരമൊരു നിർദേശം അന്നത്തെ നിയമപരിഷ്കാര കമീഷൻ ഉന്നയിച്ചിരുന്നു. എന്നാൽ അന്നും സർക്കാർ അത് തള്ളിക്കളയുകയാണുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.