പ്രളയത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങൾക്കും നിരാശ്രയായ ക്യാൻസർ രോഗിക്കും ബംഗളൂരു ആസ്ഥാനമായ ബാംഗ്‌ളൂർ ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷന്റെ (ബെമ) നേതൃത്വത്തിൽ പുതിയ വീടൊരുക്കും. വീട് നിർമാണവുമായി ബന്ധപ്പെട്ട കരാറിൽ ജില്ലാ കളക്ടർ എ.ആർ അജയകുമാർ, ബെമ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി സുനിൽ കുമാർ, ഗുണഭോക്താവ് എന്നിവർ ചേർന്ന് ഒപ്പുവച്ചു. മുട്ടിൽ മാണ്ടാട് സ്വദേശി മിനി വർഗീസ്, മാനന്തവാടി തോൽപ്പെട്ടി സ്വദേശി ഭാഗ്യലക്ഷ്മി, മാനന്തവാടി പാതിരിച്ചാൽ സ്വദേശി ശോഭ രാജൻ എന്നിവർക്കാണ് വീടു നിർമിച്ചുനൽകുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ള ഒരു ലക്ഷം രൂപയുൾപ്പെടെ അഞ്ചു ലക്ഷത്തി പതിനായിരം രൂപ ചെലവിൽ 520 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിൽ നിർമിക്കുന്ന വീട് നാലുമാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കും. സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, എഡിഎം കെ. അജീഷ്, ഫിനാൻസ് ഓഫീസർ എ.കെ ദിനേശൻ, ജൂനിയർ സൂപ്രണ്ട് മുഹമ്മദ് ഷെഫീഖ് തുടങ്ങിയവർ പങ്കെടുത്തു.