ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ നവീകരണത്തിന് കിഫ്ബി വഴി 19.76 കോടി രൂപ അനുവദിച്ചതായി സജി ചെറിയാൻ എം.എൽ.എ അറിയിച്ചു.സംസ്ഥാനത്തെ ആദ്യത്തെ ഗവ. ഐ.ടി.ഐ ആണിത്. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
20 ഏക്കർ സ്ഥലത്താണ് ഐ.ടി.ഐ സ്ഥിതി ചെയ്യുന്നത്.ഗവ.ഐ.ടി.ഐ, വനിത ഐ.ടി.ഐ എന്നിവയുടെ സമഗ്ര പുരോഗതിക്കായി 74 കോടി രൂപയുടെ പദ്ധതിയാണ് സർക്കാരിന് സമർപ്പിച്ചിരുന്നത്.വർക്ക്ഷോപ്പ്, ക്ലാസ് റൂമുകൾ എന്നിവ ഉൾപ്പെടുന്ന 22,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം, 13,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, പ്രധാന കവാട നിർമ്മാണം, ക്യാംപസിലെ റോഡുകൾ, നടപ്പാത, ഓടകൾ, സൂചനാ ബോർഡുകൾ എന്നിവയുടെ നിർമ്മാണം, ലാൻഡ് സ്‌കേപ്പിംഗ്, ലാൻഡ് ഡവലപ്മെന്റ് എന്നിവയാണ് ഒന്നാം ഘട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടുക.
