പരിസര ശുചിത്വത്തിന് പ്രാധാന്യം നല്കി പകര്‍ച്ച വ്യാധി പ്രതിരോധത്തിന് തയ്യാറാകാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘പെന്‍സില്‍’ അവധിക്കാല ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വ്വഹിച്ചു. പുളിയാര്‍മല ലൗഗ്രീന് അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന് അദ്ധ്യക്ഷത വഹിച്ചു.
കഴിഞ്ഞ വര്‍ഷം നടത്തിയ ആരോഗ്യ ജാഗ്രതാ പരിപാടി- ജാഗ്രതോല്‍സവത്തിന്റെ രണ്ടാം ഘട്ടമാണ് പെന്‍സില്‍ ക്യാമ്പ്. മാലിന്യങ്ങളെ തരം തിരിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളുടെ അനുഭവമാക്കി മാറ്റുക,മാലിന്യങ്ങളുടെ അളവ് കുറച്ച് പുനരുപയോഗ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തല്‍ എന്നീ ആശയങ്ങള്‍ കുട്ടികളില്‍ എത്തിക്കുക,മാലിന്യവുമായി ബന്ധപ്പെട്ട വിവിധ തരം നിയമലംഘനങ്ങളേയും അവക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷകളേയും കുറിച്ച് കുട്ടികളില്‍ ധാരണ വളര്‍ത്തുകയും നിയമ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ശേഷി വളര്‍ത്തുകയും ചെയ്യുക,അശ്രദ്ധയോടെയുള്ളതും അശാസ്ത്രീയവുമായ മാലിന്യ പരിപാലനം സൃഷ്ടിക്കുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങളെ ക്കുറിച്ച് അവബോധം സൃഷ്ടിക്കുക,പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്ന ശീലം വളര്‍ത്തുക എന്നിവയൊക്കെയാണ് ക്യാമ്പിന്റെ ലക്ഷ്യങ്ങള്‍.
ഹരിത കേരളം മിഷന്, കില, കുടുംബശ്രീ, ആരോഗ്യ വകുപ്പ്,ശുചിത്വ മിഷന് എന്നിവര്‍ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലാ ബ്ലോക്ക് തലങ്ങളില്‍ ഉള്ള റിസോഴ്സ് പേഴ്സണ്‍മാര്‍ക്കാണ് രണ്ട് ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്.
ഗ്രാമ പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് പി.എ നാസര്‍,മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര്.പ്രവിജ്,പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്,അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്, ശുചിത്വ മിഷന് അസി.കോര്‍ഡിനേറ്റര്‍ എം.പി രാജേന്ദ്രന് ,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേണുക, ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന് തുടങ്ങിയവര്‍ സംസാരിച്ചു. എ.സി.ഉണ്ണികൃഷ്ണന് ,അജി കുമാര്‍ പനമരം,സിജി റോഡ്രിഗസ്,ബിജോയ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.