കുട്ടികള്‍ക്കുള്ള അവധിക്കാല ജില്ലാതല പെന്‍സില്‍ ക്യാമ്പിന് മുണ്ടൂര്‍ ഐ.ആര്.ടി.സി.യില്‍ തുടക്കമായി. കുടുംബശ്രീ, കില, ഹരിതകേരളം മിഷന് എന്നിവയുടെ നേതൃത്വത്തില്‍ ശുചിത്വ മിഷനും ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. ഹരിതകേരളത്തെ മലിനമാക്കുന്നതിനെതിരായ പ്രതിരോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിന്റെ ജില്ലാതല പരിശീലനം മൂന്നു ഘട്ടങ്ങളിലായി നടക്കും.
തുടര്‍ന്ന് ബ്ലോക്ക് തലത്തില്‍ 25 ക്യാമ്പുകളും പഞ്ചായത്ത് തലത്തില്‍ മെന്റേഴ്സ് ക്യാമ്പും വാര്‍ഡ് തലത്തില്‍ വാര്‍ഡ്തല പെന്‍സില്‍ ക്യാമ്പും സംഘടിപ്പിക്കും. ജില്ലാതലത്തില്‍ പരിശീലനം നേടിയ 200 കുടുംബശ്രീ പ്രവര്‍ത്തകരാണ് ബ്ലോക്ക്-വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബ്ലോക്ക്തല ക്യാമ്പുകള്‍ മെയ് മൂന്ന് മുതല്‍ ഒമ്പത് വരെ നടക്കും.
പഞ്ചായത്ത് തലത്തില്‍ നടക്കുന്ന മെന്റേഴ്സ് ക്യാമ്പില്‍ ഓരോ വാര്‍ഡില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ അഞ്ച് പേര് വീതം പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന വാര്‍ഡ്തല ക്യാമ്പില്‍ കുടുംബശ്രീ ബാലസഭയിലെ 50 വീതം കുട്ടികള്‍ പങ്കെടുക്കും. മെയ് 10 മുതല്‍ 20 വരെയാണ് വാര്‍ഡ്തല ക്യാമ്പുകള്‍ സംഘടിപ്പിക്കുക.
ഹരിതകേരളം മിഷന് സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരായ രാധാകൃഷ്ണന്, മോഹനന്, പ്രദീപ് കുമാര്‍, സുഭാഷ്, വി.സി ചെറിയാന്, ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍, കില പ്രതിനിധി രാഗി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനെജര്‍ ഡാന്‍, ശുചിത്വമിഷന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഷെറീഫ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
