ഇരുകൈകളിലും ബലൂണും പൂക്കളും മിഠായിയും സമ്മാനപ്പൊതിയും അടുക്കിപ്പിടിച്ച് കണ്ണുകളില്‍ കൗതുകവുമായി കുറെ കുരുന്നുകള്‍. അങ്കണവാടി പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കായി പാചകം ചെയ്ത പലഹാരങ്ങളുടെയും പാഴ്വസ്തുക്കള് ഉപയോഗിച്ച് നിര്‍മിച്ച കളിപ്പാട്ടങ്ങളുടെയും പ്രദര്‍ശനം, പൂക്കളും വിളക്കും നിറച്ച താലം നല്കി ആദ്യമായി എത്തുന്നവരെ സ്വീകരിക്കുന്ന മുതിര്‍ന്ന കുട്ടികള്‍, വിഭവസമൃദ്ധമായ സദ്യ, ബേബി ഷോ, പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് ഓഫ് ദ ഡേ തുടങ്ങി വര്‍ണാഭമായ പരിപാടികള്‍. വനിതാ ശിശുവികസന വകുപ്പും ജില്ലാതല ഐ.സി.ഡി.എസും ചേര്‍ന്ന് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല അങ്കണവാടി പ്രവേശനോത്സവത്തിലാണ് ഈ വേറിട്ട കാഴ്ചകള്‍. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ് നിര്‍വഹിച്ചു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന് അധ്യക്ഷനായി.

പുതുശ്ശേരി പഞ്ചായത്തിലെ ആദിവാസി മേഖലകളായ പയറ്റുകാട് ലക്ഷംവീട്, വാളയാര്‍, വാധ്യാര്‍ചള്ള, മംഗലത്താന്‍ചള്ള തുടങ്ങിയ പ്രദേശങ്ങളിലെ അഞ്ച് അങ്കണവാടികളില്‍ നിന്നുള്ള കുട്ടികളും അങ്കണവാടി പ്രവര്‍ത്തകരുമാണ് പ്രവേശനോത്സവത്തില്‍ പങ്കെടുക്കാനെത്തിയത്. ഈ അങ്കണവാടികളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഒന്നാം ക്ലാസിലേക്ക് പോകുന്ന 27 കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അനുമോദനപത്രവും പരിപാടിയില്‍ വിതരണം ചെയ്തു. ബിരുദദാന ചടങ്ങുകളിലെ പോലെ കോട്ടും തൊപ്പിയും അണിഞ്ഞാണ് കുരുന്നുകള്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ഏറ്റുവാങ്ങാന്‍ എത്തിയത്. കുട്ടികള്‍ക്ക് ചോറ്റുപാത്രങ്ങള്‍, പെന്സിലുകള്, പേനകള്‍, പെന്‍സില്‍ ബോക്സ് എന്നിവയുടെ വിതരണവും നടന്നു. ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.ആര്. ലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവകാമി, മെമ്പര്‍മാരായ അമരാവതി, രമേഷ്, സി. ചാമി, ‘ ശിശുവികസന പദ്ധതി ഓഫീസര്‍ ശുഭ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി.എം.ലിമി ലാല്‍, മല്ലിക, ഐശ്വര്യ രാജീവ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശിശുക്കള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കുള്ള പോഷകാഹാര പരിപാടിയുടെ പ്രാധാന്യം, പോഷകഗുണങ്ങള്‍, ഭക്ഷ്യവിഭവങ്ങളുടെ പോഷക നിലവാരവും പ്രാധാന്യവും, ഒരു കുഞ്ഞിന്റെ ആദ്യ ആയിരം ദിനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു.