മലമ്പുഴ ഉദ്യാനത്തില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഇനിമുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ടിക്കറ്റെടുത്ത് ഉദ്യാനത്തിന് അകത്ത് പ്രവേശിക്കുന്നവര്‍ക്ക് പ്രവേശനാനുമതി ഉള്ള ഇടങ്ങളില്‍ അപകടം സംഭവിച്ചാല്‍ മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഡാമിന് പരിസരത്ത് 125 ഏക്കറോളം വിസ്തൃതി ഉണ്ടെങ്കിലും മുഖ്യ ഉദ്യാനം, മാംഗോ ഗാര്ഡന്, യക്ഷി പാര്‍ക്ക് , കുട്ടികളുടെ പാര്‍ക്ക്, ഡാം ടോപ്പ് എന്നിവിടങ്ങളിലാണ് പ്രവേശന അനുമതിയുള്ളത്. കുട്ടികള്‍ക്ക് 10 രൂപയും മുതിര്‍ന്നവര്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ നിന്നും ലഭിക്കുന്ന ഒന്നര രൂപയാണ് ഇന്‍ഷുറന്‍സ് പ്രീമിയം ആയി കണക്കാക്കുന്നത് . ചികിത്സാ ചെലവുകള്‍ക്ക് പരമാവധി 50,000 രൂപ വരെ ലഭിക്കും. മാതാപിതാക്കള്‍ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കില്‍ കൂടെയുള്ള കൈകുഞ്ഞുങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. ഉദ്യാനത്തിന് അകത്ത് വച്ച് രണ്ടുപേര്‍ക്ക് തേനീച്ചക്കുത്തേറ്റ സംഭവം മുന്‍പുണ്ടായിട്ടുണ്ട്. കൂടാതെ പാര്‍ക്കിനകത്ത് കളിക്കുന്നതിനിടയില്‍ ഓടി വീണ് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. തടയണയ്ക്കുള്ളില്‍ ഇറങ്ങുന്നതും കുളിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വേനലവധിക്കാലത്ത് ദിവസവും ആയിരത്തിലധികം സന്ദര്‍ശകരാണ് മലമ്പുഴ ഉദ്യാനത്തില്‍ എത്തുന്നത്.
ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം മലമ്പുഴ എം.എല്‍.എയും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് മെയ് മൂന്നിന് വൈകിട്ട് അഞ്ചിന് ഉദ്യാനത്തിന് മുന്നില്‍ നിര്‍വഹിക്കും. അതോടൊപ്പം ഉദ്യാനത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ട് ജനറേറ്ററുകളുടെ ഉദ്ഘാടനവും വി.എസ് അച്യുതാനന്ദന് നിര്‍വഹിക്കും. പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും. വൈദ്യുതി നിലയ്ക്കുന്ന സമയത്തും ഉദ്യാനത്തിനുള്ളില്‍ ലൈറ്റുകളും മറ്റു സൗകര്യങ്ങളും പ്രവര്‍ത്തിപ്പിക്കാനാകും വിധം 47 ലക്ഷം ചിലവഴിച്ചാണ് ജനറേറ്ററുകള്‍ സ്ഥാപിക്കുന്നത്.
