പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ‘ആരോഗ്യ ജാഗ്രത’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് രാവിലെ 10.30ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വിവിധ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യവകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്നാണ് ജനുവരി മുതല്‍ ‘ആരോഗ്യ ജാഗ്രത’ നടപ്പാക്കുന്നത്. മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുന്നതിനും അതിലൂടെ പകര്‍ച്ചവ്യാധികളെ തടയുന്നതിനുമായി ആരോഗ്യ വകുപ്പ് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് വിവിധ പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്. മഴക്കാലപൂര്‍വ പരിപാടികള്‍ക്ക് പകരം ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സമഗ്രവും തീവ്രവുമായ കാര്യപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
