മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറലാശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഫയര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിന് 49-ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുറന്ന് നൽകും. മൂവാറ്റുപുഴ നഗരസഭയ്ക്ക് കീഴിലുള്ള ജനറല്‍ ആശുപത്രിയില്‍ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കുന്നതിന് 1.38-കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഏറ്റവും വലിയ ട്രീറ്റ്മെന്റ് പ്ലാന്റുകളിലൊന്നാണ് ഒരുങ്ങുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള ഓങ്കോളജി ബ്ലോക്കിന് അഞ്ച് കോടിരൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ ടെന്‍ഡര്‍ നടപടികളും പുരോഗമിച്ച് വരികയാണ്. ആശുപത്രിയ്ക്ക് മുന്നിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയാണ് ഓങ്കോളജി ബ്ലോക്ക് നിര്‍മിക്കുന്നത്. പഴയകെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിനായി ടെന്‍ഡര്‍ നടപടികള്‍ പുരോഗമിച്ച് വരികയാണ്. ആശുപത്രിയ്ക്ക് ചുറ്റുമതിലും, കവാടവും, ഗൈയ്റ്റും നിര്‍മിക്കുന്നതിന് 50-ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടികളും പുരോഗമിച്ച് വരികയാണ്. ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തിനായി ഓപ്പറേഷന് തിയേറ്ററും, ലേബര്‍ റൂമും നിര്‍മിക്കുന്നതിനും, നിലവിലെ ഓപ്പറേഷന് തിയേറ്ററും, സ്ത്രീകളുടെയും, കുട്ടികളുടെയും വാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി റാമ്പ് നിര്‍മിക്കുന്നതിന് എന്‍.ആര്.എച്ച്.എംമ്മില്‍ നിന്നും 2.71-കോടി അനുവദിച്ചിരുന്നു. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് കണ്‍സ്ട്രന്‍ഷന്‍ കമ്പനിയ്ക്കാണ് നിര്‍മ്മാണ ചുമതല. നിലവിലെ സ്ത്രീകളുടെയും, കുട്ടികളുടെയും വാര്‍ഡിന് മുകളിലായി മൂന്നും, നാലും നിലകളുടെ നിര്‍മ്മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ക്രിത്രിമ കാല് നിര്‍മിക്കുന്നതിനായി ലിംബ് ബ്ലോക്ക് നിര്‍മിക്കുന്നതിനായിട്ടുള്ള എസ്റ്റിമേറ്റും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ കെ.എസ്.ആര്.റ്റി.സി. ബസ്റ്റാന്റിന് അഭിമുഖമായി പുതിയ ക്യാഷ്വാലിറ്റി, ട്രാമകെയര്‍, ഐ.സി.യു അടക്കമുള്ള ബ്ലോക്കിന്റെ ഡിസൈനും, എസ്റ്റിമേറ്റ് നടപടികളും പുരോഗമിച്ച് വരികയാണ്. ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനവും അടുത്ത ദിവസങ്ങളില്‍ നടക്കും. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്, ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയന്, ആശുപത്രി വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയെ കണ്ട് നേരത്തെ നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ടുകൾ അനുവദിച്ചത്
