സംസ്ഥാനത്തെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള സഹകരണ വകുപ്പ് അവാർഡ് കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന് . കഴിഞ്ഞ സാമ്പത്തീക വർഷത്തെ പ്രവർത്തന മികവും നേട്ടങ്ങളുമാണ് ബാങ്കിനെ അവാർഡിനർഹമാക്കിയത്. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകൾ പ്രവർത്തനമേഖല ആയിട്ടുള്ള ബാങ്ക് ജില്ലയിലെ ഏറ്റവും പ്രവർത്തനക്ഷമമായ പ്രാഥമിക സഹകരണ ബാങ്കാണ്. കാർഷിക രംഗത്ത് നൂതനമായ പദ്ധതികൾ ആവിഷ്കരിച്ചു പ്രവർത്തിച്ചുവരിക വഴി ബാങ്ക് ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. സ്വന്തമായി കാർഷിക മാർക്കറ്റുള്ളതോടൊപ്പം തന്നെ കാർഷിക വസ്തുക്കളെ മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റി വിപണിയിലെത്തിക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. ബാങ്ക് പരിധിയിലെ കർഷകർക്ക് ഇതു മൂലം അവരുടെ കാർഷിക ഉത്പന്നങ്ങൾക്ക് വർധിച്ച വില ലഭിക്കുന്നതിന് ഈ പദ്ധതി ഉപകരിച്ചു. ഇതിന് പുറമേ മറ്റ് നിരവധി പദ്ധതികളും ബാങ്ക് ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.
പ്രായമായ അംഗങ്ങൾക്ക് പെൻഷൻ പദ്ധതി , മരണാനന്തര സഹായ നിധി, കാർഷിക ജോലികൾക്ക് ഹരിതസേന, അംഗങ്ങൾക്ക് സൗജന്യമായി പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതി ,നെൽകൃഷിയ്ക്ക് പലിശ രഹിത വായ്പ്പ,, ആബുലൻസ് -ഫീസർ സേവനങ്ങൾ, അംഗങ്ങൾക്ക് 25% ലാഭവിഹിതം, കോതമംഗലം എം എൽ എ നടപ്പാക്കുന്ന ” അരുത് വൈകരുത് ” മലിന്യനിർമ്മാർജ്ജന പദ്ധതിയിൽ പങ്കാളി, കെയർ ഹോം പദ്ധതി സഹായി, തുടങ്ങി വൈവിധ്യങ്ങളായ പ്രവർത്തങ്ങൾ ഇതിൽ പെടുന്നുണ്ട്. 1926 ൽ രൂപീകരിച്ച ബാങ്കിൽ നിലവിൽ 17532 അംഗങ്ങളും 138 കോടി രുപയുടെ നിക്ഷേപവും, 162 കോടി രൂപയുടെ പ്രവർത്തന മൂലധനവും ഉണ്ട്. നെല്ലിമറ്റത്തെ ബാങ്ക് ഹെഡ് ഓഫിസ് കൂടാതെ കവളങ്ങാട് , പല്ലാരിമംഗലം പഞ്ചായത്തുകളിലായി ഏഴ് ശാഖകളും പ്രവർത്തിക്കുന്നുണ്ട്.
അന്തർ ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് ഇന്ന് ( ജൂലൈ 6- ശനി) എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബാങ്കിന് അവാർഡ് സമ്മാനിക്കും. സഹകാരികളുടെ മികച്ച പിന്തുണയോടെ ബാങ്ക് നടത്തിവരുന്ന ജനോപകാരപ്രവർത്തനങ്ങളുടെയും ക്ഷേമ പ്രവർത്തങ്ങളുടെയും അംഗീകാരമായിട്ടാണ് ഈ അവാർഡിനെ കാണുന്നതെന്ന് ബാങ്ക് പ്രസിഡണ്ട് കെ ബി മുഹമ്മദ് പറഞ്ഞു.