ജില്ലയിൽ പൈപ്പ് വഴി ശുദ്ധജല വിതരണം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കണക്ഷൻ മേളകൾ സംഘടിപ്പിക്കുന്നു. ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ മിനിഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി മേള നടത്തും. ജല അതോറിറ്റി കുടിവെള്ള പദ്ധതികളിൽ നിന്നും പൈപ്പ് ലൈൻ ദീർഘിപ്പിച്ച് കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിനുള്ള പ്രവൃത്തികൾ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കും.
2024 ഓടെ ജില്ലയിൽ പൂർണമായും പൈപ്പ് വഴി ശുദ്ധജല വിതരണം നടത്താനുള്ള പരിപാടികളാണ് വാട്ടർ അതോറിറ്റി ആസൂത്രണം ചെയ്യുന്നത്. യോഗത്തിൽ വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ പി.വി സുരേഷ് കുമാർ, എക്‌സിക്യൂട്ടീവ് എൻജിനീയർ പി.കെ സലീം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.