കൊച്ചി : ക്ഷീര കർഷകർക്ക് വിവിധ പദ്ധതികളുമായി വൈപ്പിൻ ബ്ലോക്ക്. ക്ഷീരമേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകരുടെ ക്ഷേമത്തിനായി അഞ്ച് ഇനം പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്. ബ്ലോക്കിന് കീഴിലെ പള്ളിപ്പുറം, കുഴിപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ പഞ്ചായത്തുകളിലെ ക്ഷീരകർഷകർക്ക് പദ്ധതികളുടെ പ്രയോജനം ലഭിക്കും.
ക്ഷീരകർഷകർക്ക് പ്രോത്സാഹനമായി അവർ ഉൽപാദിപ്പിക്കുന്ന ഒരു ലിറ്റർ പാലിനു നാല് രൂപ സബ്സിഡി ലഭ്യമാക്കും. കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് സബ്സിഡി നൽകുക . ഓണത്തോടനുബന്ധിച്ച് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സബ്സിഡി തുക 250 കർഷകർക്ക് നൽകി.
വർദ്ധിച്ചുവരുന്ന കാലിത്തീറ്റയുടെ വിലവർധനവിന് ആശ്വാസമായി കാലിത്തീറ്റ സബ്സിഡി കർഷകർക്ക് നൽകും. ഒരു കറവ പശുവിനു 100 കിലോ കാലിത്തീറ്റക്ക് 1000 രൂപ സബ്സിഡിയായി കർഷകർക്ക് ലഭിക്കും. കഴിഞ്ഞ രണ്ടു മാസത്തെ സബ്സിഡി തുകയും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കി.
വൈപ്പിൻ കരയിൽ ശാസ്ത്രീയ മാലിന്യ സംസ്കരണം സാധ്യമാക്കുന്നതിന് ചാണകം ഉണക്കി ജൈവവളം നിർമ്മിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചു . സ്ഥലത്തിൻറെ ലഭ്യത കുറവുള്ളതിനാൽ ചാണകം ചാക്കുകളിൽ സൂക്ഷിച്ച് ജൈവവളം ഉണ്ടാക്കുന്നതിനും സബ്സിഡി നൽകും. ബ്ലോക്കിലെ 15 കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
തീറ്റപ്പുല്ലിന്റെ ലഭ്യത വർധിപ്പിക്കുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ജോയിൻറ് ലൈബിലിറ്റി ഗ്രൂപ്പുകൾ വഴി തീറ്റപ്പുൽ കൃഷി ചെയ്തു കർഷകർക്ക് നൽകും. രണ്ട് ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്യുക.
കൂടാതെ ക്ഷീരകർഷകർക്കും കുടുംബത്തിനും ആശുപത്രി ചെലവ്, അപകടമരണം, സ്വാഭാവിക മരണം എന്നിവയ്ക്കുള്ള നഷ്ടപരിഹാരവും പശുക്കളുള്ള സംരക്ഷണവും ഉൾക്കൊള്ളുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയും ബ്ലോക്ക് പഞ്ചായത്തിൽ ഈവർഷം നടപ്പിലാക്കും. ഇതിനു പുറമേ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ച് കാലിത്തൊഴുത്ത് നിർമ്മാണവും മറ്റും സൗകര്യം ഒരുക്കൽ പദ്ധതിയും നടപ്പിലാക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ലൂയിസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജാത ചന്ദ്രബോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ, മെമ്പർമാരായ എം കെ മനാഫ്, പി കെ രാജു, പള്ളിപ്പുറം ക്ഷീരസംഘം പ്രസിഡന്റ് ടി പി ശിവദാസ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീദേവി കെ. നമ്പൂതിരി, ബ്ലോക്ക് ക്ഷീര വികസന ഓഫീസർ രതീഷ് ബാബു സി.എസ് തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ : ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീര കർഷകർക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്യുന്നു