ചിങ്ങവും ഓണവും അവധിക്കാലവും വഴിപിരിയാൻ ഒരു നാൾ കൂടി ശേഷിക്കെ അനന്തപുരിയിലെ ഓണക്കാഴ്ച കാണാൻ ജനപ്രവാഹം തുടരുന്നു. ഇന്നലെ രാവേറെയായിട്ടും കനകക്കുന്നും പരിസരവും സജീവമായിരുന്നു. സന്ധ്യയ്ക്കു പെയ്ത ചാറ്റൽമഴ ആസ്വദിച്ചു നനഞ്ഞും വഴിയോരങ്ങളിലെ നിറക്കാഴ്ച കൺനിറയെ കണ്ടും വേദികളിലെ കലാവിരുന്ന് ആവോളം ആസ്വദിച്ചും ആഘോഷപ്പൂവിളിയുടെ ഒരു നാൾ കൂടി കഴിഞ്ഞു. സെപ്റ്റംബർ 16 ന് വർണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ ഈ വർഷത്തെ ഓണാഘോഷത്തിനു സമാപനമാകും.

സന്ധ്യയ്ക്കു പെയ്ത മഴയ്ക്കു പിന്നാലെ നിശാഗന്ധിയിൽ പെയ്തിറങ്ങിയ ‘രാത്രിമഴ’ സംഗീത – നൃത്ത ശിൽപ്പമായിരുന്നു ശനിയാഴ്ച ആസ്വാദക മനം കവർന്ന പ്രധാന പരിപാടി. അന്തരിച്ച ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സ്മരണാർഥം സംഘടിപ്പിച്ച പരിപാടിയിൽ ശ്രീനിവാസ്, മധുശ്രീ തുടങ്ങിയ ഗായകരും മധുഗോപിനാഥ്, വക്കം സജീവ് എന്നീ നർത്തകരും വേദിയെ രാത്രിമഴയുടെ കുളിരണിയിച്ചു.

തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് സെൻട്രൽ സ്റ്റേഡിയത്തിൽ അവതിപ്പിച്ച മെഗാഷോയ്ക്ക് വൻ ജനത്തിരക്കായിരുന്നു. കനകക്കുന്നിലെ തിരുവരങ്ങ് വേദിയിൽ നടന്ന പുള്ളുവൻപാട്ട്, നിണബലി, പറയൻതുള്ളൽ, സോപാനം വേദിയിൽ നടന്ന പാഠകം, വാ ണിയക്കോലം, പരുന്താട്ടം, പൊറാട്ടുനാടകം, പാലസ് ഓഡിറ്റോറിയത്തിലെ സംഗീതികയിൽ നടന്ന വീണ, വോക്കൽ എന്നിവയ്ക്കും നിറഞ്ഞ സദസായിരുന്നു.

തീർഥപാദ മണ്ഡപത്തിൽ അരങ്ങേറിയ നളചരിതം മൂന്നാം ദിവസം കഥകളി, മാർഗി സജീവ് നാരായണൻ ചാക്യാരും സംഘവും അവതരിപ്പിച്ച ചാക്യാർകൂത്ത്, അയ്യങ്കാളി ഹാളിൽ തിരുവനന്തപുരം സ്വദേശാഭിമാനി അവതരിപ്പിച്ച നമ്മളിൽ ഒരാൾ എന്ന നാടകം, മ്യൂസിയം വളപ്പിലെ കളരിപ്പയറ്റ്, അമച്വർ നാടകം, വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടന്ന മോഹനിയാട്ടം, കുച്ചുപ്പുടി, തൈക്കാട് ഭാരത് ഭവനിലെ വേദിയിൽ അരങ്ങേറിയ ശാസ്ത്രീയ നൃത്തം എന്നിവയും നിറഞ്ഞ കൈയടിയേറ്റുവാങ്ങി.

ഇന്നും നാളെയും കൂടി ഇക്കൊല്ലത്തെ ഓണവിരുന്ന് ആസ്വദിക്കാം. ഇന്നു വൈകിട്ട് അഞ്ചിന് കനകക്കുന്ന് കവാടത്തിൽ ചെണ്ടമേളം തുടങ്ങും. സന്ധ്യയാകുന്നതോടെ വഴിയോരങ്ങളിൽ വർണവിളക്കുകൾ മിന്നിത്തുടങ്ങും. കനകക്കുന്നിലും മ്യൂസിയത്തിലുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുള്ള 29 വേദികളിൽ ആഘോഷത്തിന്റെ പെരുമ്പറ മുഴങ്ങും. ഓണാവധിക്കാലത്തെ അവസാനത്തെ ഞായറാഴ്ച ആഘോഷമാക്കാൻ കുടുംബമായും കൂട്ടമായും ഈ വേദികളിലേക്ക് എത്താം. പ്രവേശനം തീർത്തും സൗജന്യമാണ്.