കണ്ണൂർ: മണ്ണിനെയും കര്‍ഷനെയും തെട്ടറിഞ്ഞ സന്തോഷത്തിലാണ് കയരളം എയുപി സ്കൂളിലെ കുട്ടിക്കൂട്ടം. പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി കുട്ടിക്കൂട്ടം വിത്തെറിഞ്ഞപ്പോള്‍ തുടക്കമായത് പുതിയൊരു സംസ്കാരത്തിനും കൂടിയാണ്.
സ്കൂളുകളില്‍ മാത്രം ഒതുങ്ങിയല്ല പ്രകൃതിയെയും മണ്ണിനെയും തൊട്ടറിഞ്ഞാണ് പുതിയ തലമുറ വളര്ന്നുവരേണ്ടതെന്ന സന്ദേശം കൂടിയാണ് പദ്ധതി നല്‍കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു.
പുതിയ പാഠങ്ങള്‍ പഠിക്കാന്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് കുട്ടിക്കൂട്ടം പാടത്തിറങ്ങിയത് എല്ലാവരിലും കൗതുകമുയര്‍ത്തി. സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ആത്മയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മയ്യില്‍ പഞ്ചായത്തിലെ കയരളം മേച്ചേരി വയലിലാണ് വിത്തിട്ടത്. മുതിര്‍ന്ന കര്‍ഷകരും കൃഷി ഉദ്യോഗസ്ഥരും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളുടെ പുതിയ വിദ്യാരംഭത്തിന് ആവേശം പകര്‍ന്ന് വയിലിറങ്ങി.
മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ബാലന് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ് പദ്ധതി വിശദീകരിച്ചു. ജില്ലാതല കാര്‍ഷിക ക്വിസ് മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മലാദേവി സമ്മാനം നല്കി.
മയ്യില്‍ നെല്ലുല്പാദക കമ്പനി ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നബാര്‍ഡ് എജിഎം കെ വി മനോജ്കുമാര്‍ വിതരണം ചെയ്തു. മികച്ച രീതിയില്‍ നെല്‍കൃഷി ചെയ്ത സ്കൂളുകള്‍ക്കുള്ള ഉപഹാരം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി നല്കി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ സവിത്രി ഡോ. വി പി രാജന്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.