ജനകീയ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം ലോകത്തിന് മാതൃകയാവുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പട്ടാമ്പി ജി. എം. എല്‍. പി സ്കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ വിദ്യാഭ്യാസത്തിലൂടെ ഒരു പ്രദേശത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കാനും പാര്‍ശ്വവല്‍ക്കരണം ഇല്ലാത്ത സമൂഹത്തെ സൃഷ്ടിച്ച് വികസനം സാധ്യമാക്കാനും കഴിയും. ഒറ്റ വിദ്യാഭ്യാസ രീതി പിന്തുടരാതെ ഒരു സമൂഹത്തിന്റെ ആവാസ വ്യവസ്ഥയ്ക്ക് അനുസരിച്ച് വിദ്യാഭ്യാസം നല്കി മുന്നോട്ടു കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഹൈടെക് ആകാന്‍ ഒരുങ്ങുകയാണെന്നും മന്ത്രി അറിയിച്ചു.എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടാം ഘട്ടത്തില്‍ അനുവദിച്ച സ്കൂള്‍ ബസുകളുടെ ഫ്ലാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. 2017-18 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 739.50 മീറ്റര്‍ സ്ക്വയര്‍ വിസ്തീര്‍ണ്ണമുള്ള രണ്ട് നില കെട്ടിടത്തില്‍ 8 ക്ലാസ് മുറികളാണ് നിര്‍മ്മിച്ചിരിക്കുന്നത്.
2018 സെപ്റ്റംബറില്‍ ആരംഭിച്ച നിര്‍മ്മാണം 2019 ജൂലായില്‍ പൂര്‍ത്തിയായി. ജി എച്ച് എസ് എസ് പട്ടാമ്പി, ജിയുപിഎസ് പട്ടാമ്പി , ജി യു പി എസ് നരിപ്പറമ്പ് , ജി എച്ച് എസ് വല്ലപ്പുഴ, ജി എച്ച് എസ് എസ് ചുണ്ടമ്പറ്റ , ജി വി എച്ച് എസ് എസ് എസ് കൊപ്പം എന്നിവയ്ക്ക് മുഹമ്മദ് മുഹ്സിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടാം ഘട്ടത്തില്‍ ആറ് ബസ്സുകളാണ് അനുവദിച്ചിട്ടുള്ളത്.
ഉദ്ഘാടന പരിപാടിയില്‍ മുഹമ്മദ് മുഹ്സിന് എം.എല്‍.എ അധ്യക്ഷനായി. പട്ടാമ്പി നഗരസഭ ചെയര്മാന് കെ. എസ്.ബി.എ തങ്ങള്‍, ഹെഡ്മിസ്ട്രസ് എന്‍.പി രമ, നഗരസഭാ കൗണ്‍സിലര്‍മാര്‍, പി.ടി.എ അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാടാനാംകുറുശ്ശി ജി.എല്‍.പി സ്കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
മുഹമ്മദ് മുഹ്സിന് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 84 ലക്ഷം രൂപ അനുവദിച്ച് വാടാനാംകുറുശ്ശി ജി.എല്‍.പി സ്കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി പ്രൊ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. ആറ് ക്ലാസ് മുറികളും ഓഡിറ്റോറിയവുമാണ് പുതിയ കെട്ടിടത്തില്‍ നിര്‍മ്മിച്ചിട്ടുള്ളത്.ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷാര്‍ പറമ്പില്‍, പഞ്ചായത്ത് അംഗങ്ങള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.