ആധുനിക വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. അട്ടപ്പാടിയിലെ സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയുള്ള ജനകീയ വിദ്യാഭ്യാസത്തില്‍ കേരളം ലോകത്തിന് മാതൃകയാവുകയാണ്. ജനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന് നേട്ടമാവുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സാക്ഷരതാപ്രവര്‍ത്തനത്തിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി വിഭാഗത്തിന്റെ നിരക്ഷരത പൂര്‍ണ്ണമായും ഇല്ലാതാക്കുക, തുടര്‍ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക ലക്ഷ്യമിട്ടാണ് അട്ടപ്പാടി സമ്പൂര്‍ണ സാക്ഷരത പദ്ധതി നടപ്പാക്കുന്നത്.

സര്‍ക്കാരിന്റെയും സാക്ഷരതാമിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സര്‍ക്കാരിതര ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അട്ടപ്പാടി മേഖലയില്‍ ആരംഭിച്ച സാക്ഷരതാ പദ്ധതിയിലൂടെ രണ്ട് ഘട്ടങ്ങളിലായി 3670 പേരെ സാക്ഷരരാക്കാന്‍ സാധിച്ചു.
മൂന്നാംഘട്ട സാക്ഷരതാ പ്രവര്‍ത്തനം ഫലപ്രദമായി നടക്കുകയും ഒക്ടോബറില്‍ നടത്തുന്ന സമഗ്ര ജനകീയ സര്‍വേയിലൂടെ കണ്ടെത്തുന്ന പഠിതാക്കള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ ക്ലാസുകള്‍ ആരംഭിച്ച് 2020 ഏപ്രിലോടെ സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ ആദിവാസി ബ്ലോക്ക് പഞ്ചായത്തായി അട്ടപ്പാടിയെ പ്രഖ്യാപിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അഗളി ഇ.എം.എസ്. ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ. അഡ്വ. എന്‍. ഷംസുദ്ദീന്‍ അധ്യക്ഷനായി. തുടര്‍ സാക്ഷരതാ പഠനത്തിലൂടെ നാലാം തരം തുല്യതാ പരീക്ഷ പാസായ പുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വട്ടാത്തമ്മക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി , അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍. സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ കോഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, ജനപ്രതിനിധികള്‍ , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.