ഗോത്രവര്‍ഗ മേഖലയില്‍ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായ വിദ്യാഭ്യാസരീതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. അട്ടപ്പാടിയിലെ സമഗ്ര വിദ്യാഭ്യാസ വികസനത്തിനായി വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് നടത്തുന്ന ‘സെളിമെ കാല’ (സമൃദ്ധിയുടെ കാലം) പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാവരെയും അറിവിന്റെ ലോകത്ത് എത്തിക്കാന്‍ വൈവിധ്യമാര്‍ന്ന പഠനരീതി വേണമെന്ന വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന രീതിശാസ്ത്രം ഉള്‍ക്കൊണ്ടാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. സമഗ്രശിക്ഷാ കേരളം ശാസ്ത്രീയമായാണ് ‘സെളിമെ കാലാ’ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ജനകീയത, ആധുനികത, മാനവികത എന്നീ ആശയങ്ങളിലാണ് പൊതുവിദ്യാഭ്യാസ യജ്ഞം അടിസ്ഥാനമായിരിക്കുന്നത്. അതിനാല്‍ ഓരോ ആവാസവ്യവസ്ഥയുടെ താത്പര്യങ്ങളും സങ്കല്‍പ്പങ്ങളും അടിസ്ഥാനമാക്കിയ വിദ്യാഭ്യസരീതി കേരളത്തില്‍ നടപ്പാക്കുന്നതിലൂടെ ഗോത്രവിഭാഗക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.

അട്ടപ്പാടിയില്‍ ആവിഷ്‌കരിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘സെളിമെ കാല’ (സമൃദ്ധിയുടെ കാലം)യുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു

ഗോത്രഭാഷമാത്രം സംസാരിക്കുന്ന ആദിവാസി ഊരുകളില്‍നിന്ന് സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മലയാളത്തിലെ പാഠഭാഗങ്ങള്‍ അറിയാതെ വരുന്ന സാഹചര്യം ഒഴിവാക്കുകയും ഗോത്രഭാഷ വഴങ്ങാത്ത അധ്യാപകര്‍ക്ക് കുട്ടികളെ സഹായിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുകയും ലക്ഷ്യമിട്ട് തയ്യാറാക്കിയ പഠന സഹായ പുസ്തകമാണ് സെളിമ കാല. ആദിവാസി ശിശുസൗഹൃദ വിദ്യാലയമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അഗളി ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അഗളി ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ അഗളി ജി.എല്‍.പി. സ്‌കൂളില്‍ ചിത്രീകരിച്ച  ‘ഗോത്ര ചരിത്രവും സംസ്‌കാരവും പ്രദര്‍ശിപ്പിച്ചു.  ഗോത്രഭാഷാ സഹായ പുസ്തകം ‘സെളിമ കാല’ യുടെ പ്രകാശനവും നടന്നു. ഭാവിയില്‍ അട്ടപ്പാടിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തിനായുള്ള സെമിനാറും സംഘടിപ്പിച്ചു.

മണ്ണാര്‍ക്കാട് എം.എല്‍.എ. അഡ്വ. എന്‍. ഷംസുദ്ദീന്‍ പരിപാടിയില്‍ അധ്യക്ഷനായി. സമഗ്രശിക്ഷ സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ എ.പി. കുട്ടികൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. സെളിമെ കാല പദ്ധതിക്കായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍, സമഗ്രശിക്ഷ പാലക്കാട് ഡി. പി.സി. എം. ജയരാജന്‍, ജില്ലാ പഞ്ചായത്തംഗം സി.രാധാകൃഷ്ണന്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്തിന രാമമൂര്‍ത്തി, സ്വാഗത സംഘം കണ്‍വീനര്‍ ടി.രവി,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.