കൊല്ലം: വളരെ ഏറെ പ്രാധാന്യമാണ് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ. നെടുമ്പന  മുട്ടക്കാവ് നോര്‍ത്തില്‍  പുതിയതായി  നിര്‍മ്മിച്ച 79 നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകള്‍  ഹൈടെക് ആയികൊണ്ടിരിക്കുകയാണ്.  കോടിക്കണക്കിന് രൂപയാണ് പൊതുവിദ്യാഭ്യാസ ശാക്തി കാരണത്തിനായി ഇതുവരെ ചെലവഴിച്ചത്.  വളരെ  ദീര്‍ഘവീക്ഷണത്തോടെയാണ് ഓരോ കുഞ്ഞുങ്ങളുടെയും സ്വപ്നങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 14 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍ അധ്യക്ഷനായി.  വാര്‍ഡ് മെമ്പര്‍ ഷീല ദുഷ്യന്തന്‍, ജില്ലാപഞ്ചായത്ത് അംഗം സി പി പ്രദീപ്,ബ്ലോക്ക് മെമ്പര്‍ ഷാഹിദ ഷാനവാസ്  പഞ്ചായത്ത് അംഗങ്ങളായ കെ ഉഷാ കുമാരി, ടി എന്‍ മന്‍സൂര്‍, അങ്കണവാടി ടീച്ചര്‍ എസ് സതി     തുടങ്ങിയവര്‍ പങ്കെടുത്തു.