പ്രവാസികളുടെ പുനരധിവാസ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ നടന്ന ലോക കേരള സഭയുടെ ആദ്യസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുതൽ ആളുകൾ ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മടങ്ങി വരുന്നവരുടെ പുനരധിവാസം ഗൗരവത്തിൽ കാണേണ്ടതുണ്ട്. കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം കുറയുന്നതായി അടുത്തകാലത്തുണ്ടായ കണക്കുകൾ സൂചിപ്പിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങളിൽ വന്ന കാർക്കശ്യം പ്രവാസിക്ക് ഭീഷണിയായിട്ടുണ്ട്. നിതാഖത്ത് പോലുള്ള സ്വദേശിവല്കരണ നിയമങ്ങൾ മലയാളിയുടെ സാദ്ധ്യകൾക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പെട്രോളിയം മാർക്കറ്റിലുണ്ടായ വിലയിടിവും പ്രവാസി മലയാളിയുടെ തൊഴിൽ അവസരങ്ങളെ ബാധിച്ചിട്ടുണ്ട്. എണ്ണക്കമ്പനികൾ ഐഎസ് ഏറ്റെടുത്ത സാഹചര്യവും ചില ഗൾഫ് രാജ്യങ്ങലുണ്ട്. ഇതും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പ്രവാസികളായ അവിദഗ്ദ്ധ തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. ജർമനി പോലുള്ള പല വികസിത രാജ്യങ്ങളിലും വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഇക്കാലത്ത് ആവശ്യത്തിന് അനുസരിച്ച കൂടുതൽ വിദഗ്ദ്ധ തൊഴിലാളികളെ സൃഷ്ടിക്കാനും നമുക്ക് കഴിയണം. പ്രവാസികളും വിദേശ രാജ്യങ്ങളിൽ കുടിയേറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളും തട്ടിപ്പിന് ഇരയാകുന്ന സാഹചര്യമുണ്ട്. ഇതും നഴ്സിംഗ് മേഖല ഉൾപ്പെടെയുള്ള തൊഴിൽ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. റിക്രൂട്ടിംഗ് രംഗത്ത് കൂടുതൽ സർക്കാർ ഇടപെടലുകൾ ആവശ്യമാണ്.
ഇന്ത്യയിൽ ജീവിക്കുന്ന അകം പ്രവാസികളുടെ പ്രശ്നങ്ങളും ഗൗരവത്തിൽ കാണേണ്ടതുണ്ട്. പല സംസ്ഥാനങ്ങളിലും അകം പ്രവാസികൾക്ക് പ്രാദേശിക വാദത്തിന്റെ ഇരകളാകേണ്ടി വരുന്നുണ്ട്. ജോലിയിൽ സുരക്ഷിതത്വമില്ലായ്മ പലതരത്തിലും പ്രവാസികൾ നേരിടുന്നുണ്ട്. ലേബർ ക്യാമ്പുകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ പ്രശ്നങ്ങളും അതീവ ഗൗരവം അർഹിക്കുന്നു. വീട്, കുട്ടികളുടെ വിദ്യാഭ്യാസം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കു പോലും നാട്ടിലേയ്ക്ക് പണം അയയ്ക്കാൻ കഴിയാത്ത പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാണ്.
ക്വാസി ജുഡിഷ്യൽ സ്വഭാവമുള്ള പ്രവാസി കമ്മീഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.
ആഗോളരംഗത്തെ സാമ്പത്തിക മാറ്റങ്ങൾക്ക് അനുസരിച്ച് മുന്നിൽ നിൽക്കാനും വെല്ലുവിളികളെ നേരിടാനും പ്രവാസി സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ സംഭവിക്കുന്ന മാറ്റങ്ങളോട് മലയാളി സമൂഹത്തിന് പുറംതിരിഞ്ഞ് നിൽക്കാൻ കഴിയില്ല. ഈ വെല്ലുവിളികൾ നേരിടാൻ സ്വയം സജ്ജമാകാനും കേരള സമൂഹത്തെ സജ്ജമാക്കാനും പ്രവാസി സമൂഹത്തിന് കഴിയണം. പുതിയ കമ്പോള മാറ്റങ്ങൾക്കും സാമൂഹിക രീതികൾക്കും അനുസരിച്ച് പുതിയ ചിന്തകളും ആശയങ്ങളും രൂപപ്പെട്ടു വരുന്ന കാലഘട്ടമാണ്. ലോകത്തിന്റെ മാറുന്ന ശാക്തിക ഘടനയിൽ നിന്നും വെല്ലുവിളികളിൽ നിന്നും പിൻതിരിഞ്ഞു നിൽക്കാൻ കേരളത്തിന് കഴിയില്ല.
സംസ്ഥാനത്തിന്റെ സാമ്പത്തിക നേട്ടങ്ങൾ പ്രവാസി സമൂഹത്തിന്റെ സംഭാവനയാണ്. അനേക ലക്ഷം പ്രവാസി മലയാളികളുടെ കണ്ണീരിന്റെയും വിയർപ്പിന്റെയും ഫലമാണ് ആധുനിക കേരളം. ഇതിൽ ആടു ജീവിതങ്ങളായി അവസാനിച്ചവരും ഉൾപ്പെടുന്നു. പ്രവാസികൾ ലോകത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയതാണ് നമ്മുടെ ചരിത്രം. സിലോണിലും ഗൾഫ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളിലും കടന്നെത്തിയ പ്രവാസി മലയാളിയുടെ അടുത്ത ഡെസ്റ്റിനേഷൻ ആഫ്രിക്കൻ രാജ്യങ്ങളായിരിക്കും. ആഫ്രിക്കൻ രാജ്യങ്ങളുടെ സാദ്ധ്യതകൾ ഇന്ന് ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്നത് ചൈനയാണ്.
പ്രവാസി ലോകത്തെ രൂപപ്പെടുത്തിയതിന് രാജ്യത്തിന്റെ വിദേശ നയം നൽകിയ സംഭാവനകൾ വലുതാണ്. ചേരിചേരാനയവും വിദേശനയങ്ങളും വിദേശ സമൂഹത്തിൽ ഇഴുകിച്ചേരാനുള്ള കരുത്ത് ഇന്ത്യൻ പ്രവാസികൾക്ക് നൽകി. സൗദി, അമേരിക്ക തുടങ്ങിയ പല രാജ്യങ്ങളിലും ഉണ്ടായിട്ടുള്ള ഭീകരാക്രമണങ്ങളും ദുരന്തങ്ങളും മലയാളിയെ വേദനിപ്പിക്കുന്നത് മലയാളിയുടെ വിശ്വപൗരത്വ ബോധം കൊണ്ടാണ്. സാങ്കേതിക വിദ്യകൾ അപര്യാപ്തമായിരുന്ന കാലത്ത് യാത്ര ദുർഘടമായിരുന്ന സാഹചര്യങ്ങളെ വെല്ലുവിളിച്ച് ലോകത്തിന്റെ പല കോണുകളിലും എത്തിച്ചേർന്ന ചരിത്രമാണ് പ്രവാസി മലയാളിയുടേത്.
കേരളത്തിന്റെ തൊഴിൽ സാഹചര്യങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിയണം. ലോകവിപണിയിലേയ്ക്ക് കേരളത്തിന്റെ തനത് ഉല്പന്നങ്ങൾ എത്തിക്കാൻ കഴിയുന്ന കേരള ബ്രാൻഡ് സൃഷ്ടിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നൈപുണ്യ വികസനത്തിന് കൂടുതൽ കർമ്മ പദ്ധതികൾ രൂപപ്പെടുത്തണം. പ്രവാസി നിക്ഷേപം നിക്ഷേപകർക്കും കേരള സമൂഹത്തിനും ഒരു പോലെ പ്രയോജനപ്പെടണം – അദ്ദേഹം പറഞ്ഞു.