പാലക്കാട്: മികച്ച രീതിയിലുള്ള ഓഫീസ് സംവിധാനങ്ങള്‍ക്കും സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന് അന്താരാഷ്ട്ര ഗുണനിലവാര സമിതിയുടെ ഐ.എസ.്ഒ 9001-2015 ബഹുമതി ലഭിച്ചത്. ഐ.എസ്.ഒ അംഗീകാരം നേടുന്ന ജില്ലയിലെ മൂന്നാമത്തെ ബ്ലോക്ക് പഞ്ചായത്താണ് പട്ടാമ്പി. പലവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷമാണ് ഓഫീസില്‍ സൃഷ്ടിച്ചിരിക്കുന്നത്. ആവശ്യമായ രേഖകള്‍ മൂന്ന് മിനിറ്റിനകം ലഭിക്കുന്ന രീതിയിലാണ് റെക്കോര്‍ഡുകള്‍ സൂക്ഷിച്ചിരിക്കുന്നത്.
ഫ്രണ്ട് ഓഫീസ് റീഡിങ് റൂം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍, പരാതിപ്പെട്ടികള്‍, ഫീഡ്ബാക്ക് രജിസ്റ്ററുകള്‍, ബ്ലോക്ക് പഞ്ചായത്ത് സംബന്ധിച്ച വിശദമായ ഭൂപടം, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് രൂപരേഖ, ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍ അടങ്ങിയ ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ ഹാജര്‍ ബോര്‍ഡുകള്‍, ജനപ്രതിനിധികള്‍ക്കുള്ള ഓഫീസ് മുറികള്‍ എന്നിവയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള സേവനങ്ങള്‍, ആരോഗ്യ- കാര്‍ഷിക- കലാകായിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവയും അംഗീകാരത്തിന് അടിസ്ഥാനമായിട്ടുണ്ട്. നാലു വര്‍ഷത്തോളമായി നടക്കുന്ന പ്രവര്‍ത്തനഫലമായാണ് ഐ.എസ്.ഒ അംഗീകാരം നേടാനായതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം മുഹമ്മദലി പറഞ്ഞു.