കാക്കനാട്: പുതുവർഷത്തോടനുബന്ധിച്ച് കൊച്ചിൻ കാർണിവൽ നടക്കുന്ന പ്രദേശങ്ങളിൽ പുനരുപയോഗ മല്ലാത്ത പ്ലാസ്റ്റിക് സാമഗ്രികൾ നിരോധിച്ചതായി ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് നിർമ്മിതമായ ഫ്ലക്സ് , ബാനർ, പ്ലേയ്റ്റ്, കപ്പ്, സ്ട്രോ, സ്പൂൺ, കുപ്പികൾ, പൗച്ച്, കൊടികൾ, ഷീറ്റുകൾ , കൂളിംഗ് ഫിലിം , പ്ലാസ്റ്റിക് അലങ്കാര വസ്തുുക്കൾ, തെർമോകോൾ നിർമ്മിതമായ വസ്തുക്കൾ എന്നിവയാണ് പൂർണമായും നിരോധിച്ചത്.

ഓരോ വ്യാപാരിയും ജൈവ മാലിന്യങ്ങൾ , മറ്റു അജൈവ മാലിന്യങ്ങൾ എന്നിവ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രത്യേകം ബിന്നുകൾ സ്ഥാപിച്ച് ശേഖരിക്കേണ്ടതും അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുകയോ, പുനർചംക്രമണം നടത്തുകയോ ചെയ്യണം. 2019 ഡിസംബർ 15 മുതൽ 2020 ജനുവരി രണ്ട് വരെയാണ് കൊച്ചിൻ കാർണിവൽ നടക്കുക. പ്ലാസ്റ്റിക് കുമിഞ്ഞുകൂടി തദ്ദേശ വാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിലാണ് ഉത്തരവ്. കൂടാതെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയുടെ പരിസ്ഥിതിക സന്തുലിതാവസ്ഥക്കും ഇത് ഭീഷണിയായിരുന്നു. കടൽ ജീവികൾക്കും സമുദ്രവുമായി ബന്ധപ്പെട്ട ജൈവ ആവാസ വ്യവസ്ഥക്കും കനത്ത ആഘാതം വരുത്തുതുന്നതായും ശ്രദ്ധയിൽ പ്പെട്ടിരുന്നു.