ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം നിലനിൽക്കണം -മന്ത്രി കെ.ടി. ജലീൽ

എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം നിലനിൽക്കണമെന്ന് ഉന്നവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ: കെ.ടി. ജലീൽ പറഞ്ഞു. ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോർ തീയറ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തിനും മതത്തിനും അപ്പുറത്താണ് മാനവികത. അത് ഉയർത്തിപ്പിടിക്കാനാകണം. ഏതൊരു രാജ്യത്തിന്റെയും പുരോഗതിയിൽ ആ രാജ്യത്തെ എല്ലാ വിഭാഗത്തിന്റെയും പങ്കുണ്ടായിട്ടുണ്ട്. മതവും വിശ്വാസവും ലോകത്ത് ഒരു രാജ്യവും മുഖ്യപരിഗണനയായി എടുത്തിട്ടില്ല. ലോകാവസാനം വരെ ഈ രാജ്യം ഒന്നായി നിൽക്കാൻ എല്ലാ വിഭാഗങ്ങളും ഉണ്ടാകണം. ബഹുസ്വരസംസ്‌കാരം കുട്ടികൾ തിരിച്ചറിയാൻ പൊതു വിദ്യാലയങ്ങൾ പോലുള്ള പൊതു ഇടങ്ങൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ലാറ്റിൻ കാത്തലിക് ആർച്ച് ബിഷപ്സ് ഹൗസ് വികാർ ജനറൽ മോൺ: സി. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ, ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ.ബി മൊയ്തീൻകുട്ടി, ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ അഡ്വ. ബിന്ദു എം. തോമസ്, അഡ്വ. മുഹമ്മദ് ഫൈസൽ, മെമ്പർ സെക്രട്ടറി സി.എസ്. ശരത്ചന്ദ്രൻ, വിവിധ ന്യൂനപക്ഷ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.