അമ്പലപ്പുഴ : കന്നിട്ടകടവ്- ശാന്തമംഗലംചിറ റോഡ് നിര്‍മാണം പൂര്‍ത്തിയായി. പുറക്കാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രളയം ഏറെ നാശം വിതച്ചതും തികച്ചും ഒറ്റപ്പെട്ടതുമായ ശാന്തമംഗലം ചിറയെ പുറക്കാട് കന്നിട്ട കടവുമായി ബന്ധിപ്പിക്കുന്ന നടപ്പാത നിര്‍മിച്ചത്.
വര്‍ഷങ്ങളായി വെള്ളക്കെട്ടിലായിരുന്നതും കാല്‍നടയ്ക്കു ബുദ്ധിമുട്ടനുഭവിച്ചിരുന്നതുമായ വഴിയിലൂടെയുള്ള യാത്ര ബുദ്ധിമുട്ടായിരുന്നു. മുട്ടോളം വെള്ളത്തിലാണ് മഴക്കാലത്ത് പ്രദേശവാസികള്‍ നടക്കേണ്ടി വരുന്നത്.അപകടങ്ങളും പതിവായിരുന്നു.

പ്രദേശവാസികളുടെ ചിരകാലാഭിലാഷമായ ഈ റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ വാഹനഗതാഗതം ഉള്‍പ്പെടെ സാധ്യമായി. 14 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചിരിക്കുന്നത്.6 വിദഗ്ധ തൊഴിലാളികളും 12 തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് 420 തൊഴില്‍ ദിനം കൊണ്ടാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. തൊഴിലുറപ്പ് വനിതകള്‍ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിക്കുന്നതിനൊപ്പം ഗ്രാമീണ വികസനത്തിന് ഊന്നല്‍ നല്‍കുന്നത് പഞ്ചായത്തിനെ ഏറെ സഹായം ചെയ്യുന്നുണ്ടെന്നു പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് വാഹീബ് പറഞ്ഞു.

പുറക്കാട് പഞ്ചായത്തില്‍ ഇത് കൂടാതെ 8 റോഡുകളുടെ നിര്‍മാണമാണ് 20 ലക്ഷം രൂപ ചിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നത്.