ഇടുക്കി: ജില്ലയില്‍ റിസര്‍ജന്റ് കേരള ലോണ്‍ സ്കീം (ആര്.കെ.എല്‍.എസ്) പദ്ധതി പ്രകാരം കുടുംബശ്രീ പ്രളയ ബാധിത അയല്‍ക്കൂട്ടങ്ങള്‍ക്ക് അനുവദിച്ച പ്രളയ ബാധിത പലിശ സബ്സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി നിര്‍വ്വഹിച്ചു. കേരളത്തില്‍ കുടുംബശ്രീയിലൂടെ സ്ത്രീ ശാക്തീകരണവും സ്ത്രീകളെ സ്വയംപര്യാപ്തരും, കര്‍മനിരതരുമാക്കി മാറ്റുവാന്‍ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീക്ക് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും സേവന-വിപണന രംഗത്തും വലിയ സംഭവനകള്‍ നല്കാന് സാധിക്കും. സ്ത്രീകള്‍ കൂടുതല്‍ ശക്തരായി മാറണമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളതെന്നും അത്തരം പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി പ്രകാരം ജില്ലയിലെ 578 അയല്‍ക്കൂട്ടങ്ങളിലായി 1047 അംഗങ്ങള്‍ക്ക് ലഭ്യമാക്കിയ പത്തു കോടി പതിമൂന്നു ലക്ഷത്തി അറുപത്തേഴായിരത്തി അറുന്നൂറ്റമ്പത് (10,13,67,650) രൂപ വായ്പയുടെ ആദ്യ ഗഡു പലിശസബ്സിഡിയായി 70 ലക്ഷം രൂപയാണ് അനുവദിച്ചത്. ആദ്യഘട്ട സബ്സിഡി തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റിനും പൊട്ടന്‍കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈലജ സുരേന്ദ്രനും നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. വീട്ടിലൊരു കുടുംബശ്രീ ഉത്പന്നം എന്ന ക്യാംപെയ്ന്റെ പ്രചരണത്തിനായി നിര്‍മിച്ച പോസ്റ്റര്‍, മന്ത്രി ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന് നല്കി പ്രകാശനം ചെയ്തു.
പ്രളയക്കെടുതിയില്‍ നഷ്ടമായ വീട്ടുപകരണങ്ങളും ഉപജീവന മാര്‍ഗങ്ങളും വീണ്ടെടുക്കുന്നതിന് പ്രളയ ബാധിത അയല്‍ക്കൂട്ട അംഗങ്ങളായ വനിതകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സഹായ പദ്ധതിയാണ് റീസര്‍ജന്റ് കേരള ലോണ്‍ സ്കീം. ഒരു കുടുംബശ്രീ അംഗത്തിന് ഒരു ലക്ഷം രൂപവരെയാണ് പദ്ധതി പ്രകാരം പലിശ രഹിത വായ്പ നല്‍കിയത്. പരമാവധി നാല് വര്‍ഷത്തേക്കാണ് 9 ശതമാനം പലിശയ്ക്ക് നല്‍കുന്നത്. അയല്‍ക്കൂട്ടങ്ങള്‍ ബാങ്കില്‍ തിരിച്ചടയ്ക്കുന്ന പലിശത്തുകയാണ് സബ്സിഡിയായി ഓരോ വര്‍ഷവും തിരികെ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്നത്. അയല്‍ക്കൂട്ടങ്ങളുടെ ജനുവരിവരെയുള്ള തിരിച്ചടവ് അടിസ്ഥാനമാക്കി, തിരിച്ചടവ് കൃത്യമാണെങ്കില്‍ അയല്‍ക്കൂട്ടങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലേയ്ക്കും വായ്പ തിരിച്ചടവില്‍ മുടക്കം വന്നിട്ടുള്ള സാഹചര്യത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ വായ്പാ അക്കൗണ്ടിലേയ്ക്കും ആയിരിക്കും പലിശ സബ്സിഡി തുക അനുവദിക്കുന്നത്. ഓണ്‍ലൈന്‍ ട്രാന്‍ഫര്‍ സംവിധാനം സാധ്യമായിട്ടുള്ള ബാങ്കുകളില്‍ അക്കൗണ്ടുകളിലേയ്ക്ക് നേരിട്ടും മറ്റ് ബാങ്കുകളില്‍ ബാങ്ക് മേനേജര്‍/ സെക്രട്ടറി വഴിയുമാണ് തുക വിതരണം ചെയ്യുന്നത്.
ചെറുതോണി കരാര്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ അജേഷ് റ്റിജി അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്തംഗം ലിസമ്മസാജന്‍, കെഎസ്ആര്‍ടി സി ഡയറക്ടർ ബോര്‍ഡ് അംഗം സി.വി വര്‍ഗ്ഗീസ്, തങ്കമണി സര്‍വീസ് ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റിന്, പൊട്ടന്‍കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈലജ സുരേന്ദ്രന്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ ബിനു രാധാകൃഷ്ണൻ, ഷാജിമോൻ പിഎ, ജോസ് സ്റ്റീഫൻ കുടുംബശ്രീ ജില്ലാമിഷന് ഉദ്യഗസ്ഥരും അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.