കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എം.സി.എഫുകളിലും ആര്‍.ആര്‍.എഫുകളിലും സംഭരിച്ചിരുന്ന അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. കോട്ടയം നഗരസഭാ പരിധിയിലെ തരംതിരിക്കാത്ത 60 ടണ്‍ അജൈവ മാലിന്യം ഇന്നലെ(ഏപ്രില്‍ 22) കേരള എന്‍വിറോ ഇന്‍ഫ്രാ ലിമിറ്റഡിന്  കൈമാറി.

ആദ്യ വാഹനം നഗരസഭാധ്യക്ഷ ഡോ. പി. ആര്‍.സോന ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സാലി മാത്യു, ഹരിതകേരളം മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പി. രമേശ്, നഗരസഭാ സെക്രട്ടറി ഇ.ടി സുരേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിദ്യാധരന്‍,  ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ നോബിള്‍, ക്ലീന്‍ കേരള കമ്പനി  അസിസ്റ്റന്റ് മാനേജര്‍ ബിനോയ് എന്നിവര്‍ സന്നിഹിതരായിരുന്നു.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ശേഖരിച്ച് തരം തിരിച്ച് സൂക്ഷിച്ചിട്ടുള്ള മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയും തരം തിരിക്കാത്ത മാലിന്യങ്ങള്‍ കേരള എന്‍വിറോ ഇന്‍ഫ്രാ ലിമിറ്റഡുമാണ്  ഏറ്റെടുക്കുന്നത്.   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയും  ചേര്‍ന്നാണ് മാലിന്യ നീക്കം നടക്കുന്നത്. വരും ദിവസങ്ങളില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യും.