ലോക്ക്ഡൗൺ സാഹചര്യത്തിൽ റെയിൽവെയുടെ സഹായം സംസ്ഥാനത്തിന് മികച്ച രീതിയിൽ ലഭിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗുഡ്സ് ട്രെയിൻ വഴി ചരക്കുനീക്കം കാര്യക്ഷമമായി നടക്കുന്നുണ്ട്. ഭക്ഷ്യ ധാന്യങ്ങൾ, പയർ വർഗങ്ങൾ, ആവശ്യവസ്തുക്കൾ എന്നിവ എത്തിക്കുന്നുണ്ട്. 2.9 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ ഏപ്രിൽ ഒന്നു മുതൽ 22 വരെ എത്തിച്ചു.

ചുരുങ്ങിയ അളവിലുള്ള ചരക്കുനീക്കം സാധ്യമാക്കാൻ പ്രതിദിന പാർസൽ സ്പെഷ്യൽ ട്രെയിൻ സർവീസ് നാഗർകോവിൽ നിന്നും കോട്ടയം വഴി കോഴിക്കോട് വരെ സർവീസ് നടത്തുന്നുണ്ട്. മിതമായ നിരക്കിൽ അവശ്യ വസ്തുക്കളും കാർഷിക ഉൽപനങ്ങളും ഇതുവഴി അയക്കാനാകും. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് സർവീസ് ആരംഭിച്ചപ്പോൾ ഇതിലൂടെ ബുക്ക് ചെയ്തിരുന്നത്. തദ്ദേശീയമായ വിളകൾ, പച്ചക്കറികൾ എന്നിവയും അയ്ക്കുന്നുണ്ട്.

തിരുവനന്തപുരം ഡിവിഷണൽ ഹോസ്പിറ്റൽ കോവിഡ് ട്രീറ്റ്മെൻറ് സെന്റർ ആയി നോമിനേറ്റ് ചെയ്ത് ചികിത്സ നൽകാനുള്ള സജ്ജീകരണങ്ങൾ നടത്തുന്നുണ്ട്. ഇതിന് 152 ഓളം മെഡിക്കൽ ജീവനക്കാരെ താൽകാലികമായി നിയമിക്കാൻ നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും റെയിൽവെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ഡിവിഷനിൽ 60 ഉം പാലക്കാട് ഡിവിഷനിൽ 32 ഉം മെഡിക്കൽ  ഐസൊലേഷൻ വാർഡ് കോച്ചുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.