പത്തനംതിട്ട: ദുബായ് കമ്പനിയില്‍ ജോലിചെയ്യുന്ന മുട്ടത്തുകോണം സ്വദേശി മധു ആനന്ദന് (51) മരുന്ന് എത്തിച്ച് ഇലവുംതിട്ട ജനമൈത്രി പോലീസ്. കാലങ്ങളായി മധു കഴിക്കുന്ന മരുന്ന് നാട്ടില്‍നിന്നും വീട്ടുകാര്‍ എത്തിച്ചുവരികയായിരുന്നു. മരുന്ന് തീര്‍ന്നവിവരം ഭാര്യ രജനി ബീറ്റ് ഓഫീസര്‍ പ്രശാന്തിനെ അറിയിക്കുകയും തുടര്‍ന്ന് ബീറ്റ് ഓഫീസര്‍ ജില്ലാ ജനമൈത്രി പോലീസ് നോഡല്‍ ഓഫീസര്‍ ആര്‍. സുധാകരന്‍ പിള്ളയെ അറിയിക്കുകയും ചെയ്തു.
നോഡല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ബിനു എറണാകുളം ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഓഫീസുമായി ബന്ധപെട്ടു. തുടര്‍ന്ന് പാലാരിവട്ടത്തുള്ള എയര്‍ വിംഗ് കൊറിയര്‍ സര്‍വീസ് അധികൃതരുടെ സേവനം തേടുകയും, ബീറ്റ് ഓഫീസര്‍മാരായ പ്രശാന്ത്, അന്‍വര്‍ഷ എന്നിവര്‍ക്കു വിവരം കൈമാറുകയും ചെയ്തു. ഇവര്‍ പിന്നീട് മരുന്ന് വാങ്ങി ഹൈവേ പോലീസ് മുഖേന കൊറിയര്‍ സര്‍വീസുകാരെ ഏല്‍പിക്കുകയായിരുന്നു.