സ്ത്രീകൾക്കും കുട്ടികൾക്കും പട്ടികവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും സർക്കാർ മികച്ച പരിഗണനയാണ് നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചു. 24 മണിക്കൂറും വനിതാഹെൽപ്പ് ലൈൻ, ഷീ ലോഡ്ജ് ശൃംഖല, പോലീസ് പിങ്ക് പട്രോൾ തുടങ്ങിയവ സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേക ഇടപെടലായിരുന്നു. പോലീസിൽ വനിതാ പ്രതിനിധ്യം 25 ശതമാനമാക്കും.
വനിതാപോലീസ് ബറ്റാലിയൻ, കമാൻഡോ പ്ലാറ്റൂണുകൾ ഇവയെല്ലാം ഇതിനകം രൂപീകരിച്ചിട്ടുണ്ട്. ഫയർ ആൻറ് റെസ്ക്യൂ സർവീസിൽ 100 ഫയർ വുമൺ നിയമനം നൽകിയത് ആദ്യമാണ്. ആശാവർക്കർമാർ, അങ്കണവാടി, ക്രഷ്, പ്രീസ്കൂൾ ടീച്ചർമാർ, ഹെൽപ്പർമാർ, സ്കൂൾ പാചകത്തൊഴിലാളികൾ തുടങ്ങിയവരുടെ വേതനവും ഇൻസെൻറീവും വർധിപ്പിച്ചിട്ടുണ്ട്.
കുടുംബശ്രീക്ക് റെക്കോർഡ് വളർച്ചയാണ് ഇക്കാലയളവിൽ ഉണ്ടായത്.പട്ടികജാതി കടാശ്വാസപദ്ധതിയിൽ 43,136 പേരുടെ കടം എഴുതിത്തള്ളി.
പോലീസിലും എക്സൈസിലും നൂറുവീതം പട്ടികവർഗക്കാരെ നിയമിച്ചു. ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിച്ചു. ഇത്തരത്തിൽ എണ്ണമറ്റ ഇടപെടലുകൾ ഈ മേഖലകളിൽ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിഥിത്തൊഴിലാളികൾക്ക് കോവിഡ് കാലത്ത് സംരക്ഷിക്കാനും ഭക്ഷണം നൽകാനും ആവശ്യമായ വൈദ്യസഹായം നൽകാനും തിരികെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും കേരളം മുൻകൈയെടുത്തു.
അതിഥിത്തൊഴിലാളികൾക്കായി അപ്നാഘർ എന്ന പാർപ്പിട സമുച്ചയം നിർമിച്ചതും ഇൻഷുറൻസ് ഏർപ്പെടുത്തിയതും നാം ഒരുചുവടു മുമ്പേ നടക്കുന്നുവെന്നതിന് ഉദാഹരണമാണ്. കോവിഡ് പ്രതിരോധ ഭാഗമായി സംസ്ഥാനത്താകെ 21,566 ക്യാമ്പുകളാണ് അതിഥിത്തൊഴിലാളികൾക്കായി പ്രവർത്തിച്ചത്. ക്യാമ്പുകളിൽ 4,16,917 തൊഴിലാളികൾ ഉണ്ടായിരുന്നു. സ്വദേശത്തേക്ക് മടങ്ങിയവർ ഒഴികെയുള്ളവർ ഈ ക്യാമ്പുകളിൽ സുരക്ഷിതരാണ്. ഇതുവരെ 55,717 തൊഴിലാളികൾ വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ സഹായിക്കാനും എല്ലാ ഘട്ടത്തിലും ശ്രദ്ധ ചെലുത്തി. എല്ലാ മേഖലയിലും മിനിമം വേതനം പുതുക്കിയതും അസംഘടിത തൊഴിലാളികൾക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും വേതനസുരക്ഷ ഉറപ്പാക്കിയതും ഇതിന്റെ ഒരു ഭാഗം മാത്രമാണ്. തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.