എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചങ്ങാടംപോക്ക് തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേരണ്ടൂര്‍ കായല്‍മുഖത്തെ ചെളിനീക്കവും പുരോഗമിക്കുകയാണ്. വര്‍ഷങ്ങളായി കായല്‍മുഖത്ത് അടിഞ്ഞ്കൂടിയ എക്കല്‍ ചങ്ങാടംപോക്ക് തോടിലെ വെള്ളം കായലിലേക്ക് ഒഴുകുന്നതിന് തടസമാകുന്ന സാഹചര്യത്തിലാണ് കായല്‍മുഖം വൃത്തിയാക്കുന്നത്.
നഗരത്തിലെ പ്രധാനതോടുകളെ കേന്ദ്രീകരിച്ച് നടത്തുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ മൂന്ന് കായല്‍മുഖങ്ങളില്‍ ചെളിനീക്കം നടക്കുന്നുണ്ട്. ചങ്ങാടംപോക്കിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് പദ്ധതിപ്രദേശം സന്ദര്‍ശ്ശിച്ചു. നാല് കിലോമീറ്റര്‍ നീളത്തിലാണ് ചങ്ങാടംപോക്ക് തോട്ടിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തോട്ടിലെയും കായല്‍മുഖത്തെയും ചെളിയും മറ്റ് തടസ്സങ്ങളും നീക്കി ഒഴുക്ക് സുഗമമാക്കുന്നതോടെ കലൂര്‍ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകും.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു മെട്രോ സ്‌റ്റേഷന് സമീപം കാരണക്കോടം തോടിനെയും ചെങ്ങാടംപോക്ക് തോടിനെയും ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങൾ കെ.എം.ആര്‍.എല്‍ ആരംഭിച്ചു. അവിടുന്നുള്ള വെള്ളവും ചെങ്ങാടംപോക്കിലൂടെ കായലിലേക്ക് ഒഴുകി എത്തും. ഈ മാസത്തിനുള്ളില്‍ ബ്രേക്ക് ത്രൂവിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങല്‍ പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ബ്രേക്ക് ത്രൂ സാങ്കേതിക സമിതി ചെയര്‍മാന്‍ ആര്‍. ബാജി ചന്ദ്രന്‍, എം.വി.ഐ.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍. സുപ്രഭ എന്നിവര്‍ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.